അമ്പലപ്പുഴ: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സഹോദരിയെയും ഭര്‍ത്താവിനെയും യുവാവ് ആക്രമിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ചില്ലാമഠം വീട്ടില്‍ സന്ധ്യ(43), ഭര്‍ത്താവ് രാജശേഖരന്(52) എന്നിവര്‍ക്കാണ് സഹോദരന്റെ ആക്രമണത്തില്‍ പരുക്കേറ്റത്.
സന്ധ്യയുടെ സഹോദരന് കെ.എസ്.ആര്.ടി.സി. എടത്വാ ഡിപ്പോ ഡ്രൈവര്‍ ബി. ബൈജു (39)വാണ് സഹോദരിയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബൈജുവിനെതിരേ പുന്നപ്ര പോലീസ് കേസെടുത്തു. ബൈജുവിന്റെ വീട് നിര്‍മാണത്തിനായി രാജശേഖരന് പണം കടം കൊടുത്തിരുന്നു.
വിദേശത്ത് ജോലിയുണ്ടായിരുന്ന രാജശേഖരന് കോവിഡ് വ്യാപനംമൂലം ജോലി നഷ്ടപ്പെട്ടു. നാട്ടിലെത്തിയ രാജശേഖരന് കച്ചവടം തുടങ്ങുന്നതിനായി പണം തിരികെ ആവശ്യപ്പെട്ടു. പ്രകോപിതനായ ബൈജു മരത്തടികൊണ്ട് രാജശേഖരന്റെ തലയ്ക്കടിച്ചതായാണ് പരാതി.
ഇതുകണ്ടോടിയെത്തിയ സന്ധ്യയേയും അക്രമിച്ചു. ഗുരുതരപരുക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പുന്നപ്ര പോലീസ് കേസെടുത്തത്.