വടക്കഞ്ചേരി: തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിജെപിക്കായി കളത്തിലിറങ്ങി ദമ്പതിമാര്‍. പുതുക്കോട് പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ഥികളായി 4 ദമ്പതികള്‍ മത്സര രംഗത്തേക്ക് എത്തിയത്. ഇന്നലെ എല്ലാവരുടെയും നാമനിര്‍ദേശപ്പത്രികകള്‍ സ്വീകരിച്ചു.
ഇതോടെ 8 പേരും സജീവമായി വാര്‍ഡുകളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗമായ വി.ഗോപി പതിനൊന്നാം വാര്‍ഡായ കീഴയില് മത്സരിക്കുമ്പോള്‍ ഭാര്യ ബീന ഗോപി ഏഴാം വാര്‍ഡായ തച്ചനടിയില്‍ അങ്കത്തിനിറങ്ങിക്കഴിഞ്ഞു.
ബിജെപി പുതുക്കോട് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ എ.പ്രതീഷ് എട്ടാം വാര്‍ഡായ അഞ്ചുമുറിയില്‍ മത്സരിക്കുമ്പോള്‍ ഭാര്യ അനിഷ പ്രതീഷ് മൂന്നാം വാര്‍ഡായ പാട്ടോലയില്‍ ഒരുകൈ നോക്കാനിറങ്ങിയിരിക്കുകയാണ്. ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറിയായ ആര്.രതീഷ് പന്ത്രണ്ടാം വാര്‍ഡായ വാളന്കോട് മത്സരിക്കുമ്പോള്‍ പത്നി ദനിത രതീഷ് പതിമൂന്നാം വാര്‍ഡായ കൊട്ടാരശേരിയില് അങ്കം കുറിക്കുന്നു.
യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റായ കെ.സുജീഷ് പത്താം വാര്‍ഡ് അപ്പക്കാടിലും ഭാര്യ ഗോപിക സുജീഷ് പതിനാലാം വാര്‍ഡ് തെക്കേപ്പൊറ്റയിലുമാണു മത്സരിക്കുന്നത്. അടുത്തടുത്ത വാര്‍ഡായതിനാല്‍ ഇരുവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമിച്ചാണ് ഇറങ്ങുന്നത്.
ഇതുവരെ ബിജെപിക്കു പഞ്ചായത്തില്‍ സീറ്റൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇക്കുറി ദമ്പതികള്‍ ചരിത്രംകുറിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അച്ഛനും അമ്മയും മത്സര രംഗത്ത് ഇറങ്ങിയതോടെ ഇവരുടെ മക്കളും സഹായത്തിനായി എത്തി. പോസ്റ്ററൊട്ടിക്കുന്നതിന്റെയും മറ്റും തിരക്കിലാണ് ഇവര്‍.