തൃശൂര്‍: ചിറക്കേക്കോട് ആനന്ദ് നഗറിലെ വീട്ടില്‍ നാട്ടുകാര്‍ സൂക്ഷിക്കാനേല്പ്പിച്ച പണം മോഷ്ടാവ് കവര്‍ന്നു. ഇതോടെ സംശയ നിഴലില്‍ നിന്നതാകട്ടെ വീട്ടുകാരും. ഒടുവില്‍ യഥാര്‍ത്ഥ കള്ളനെ പോലീസ് കുടുക്കി. മനസ്സറിയാതെ നേരിടേണ്ടിവന്ന ആരോപണങ്ങളില്‍ കുടുംബം മനോവിഷമം അനുഭവിക്കുന്നതിനിടെയാണ് യഥാര്‍ത്ഥ കള്ളനെ പോലീസ് കുടുക്കിയത്. പീച്ചി പുളിക്കല്‍ 38കാരനായ സന്തോഷാണ് പിടിയിലായത്.
സംഭവം ഇങ്ങനെ;
ചിറക്കേക്കോട് ആനന്ദ് നഗറില്‍ മടിച്ചിംപാറ രവിയുടെ വീട്ടില്‍ കഴിഞ്ഞ 18ന് ആണ് മോഷണം നടന്നത്. ചിറക്കേക്കോട് സൗഹൃദക്കൂട്ടായ്മ എന്ന സംഘടന പാവങ്ങളെ സഹായിക്കാന്‍ സ്വരൂപിച്ച പണമാണ് രവിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. രവിയും കുടുംബവും വീടുപൂട്ടി പുറത്തുപോയ സമയത്തായിരുന്നു മോഷണം.
വീടിന്റെ മുന്‍വശത്തെ തൂണിനു മുകളിലാണ് താക്കോല്‍ വച്ചിരുന്നത്. വീട്ടുകാര്‍ പോയ തക്കംനോക്കി താക്കോലെടുത്ത് ഉള്ളില്‍ക്കടന്ന മോഷ്ടാവ് 2.20 ലക്ഷം രൂപ അലമാരയില്‍ നിന്നു മോഷ്ടിച്ചു. വീടു കുത്തിത്തുറന്ന ലക്ഷണമില്ലാത്തതുകൊണ്ടു നാട്ടുകാരില്‍ ചിലര്‍ സംശയങ്ങള്‍ ഉയര്‍ത്തി. സമാന മാതൃകയില്‍ മോഷണം നടത്തിയതിനു മുന്‍പും പിടിയിലായിട്ടുള്ള സന്തോഷിനെ കേന്ദ്രീകരിച്ചായിരുന്നു നിഴല്‍ പോലീസിന്റെ അന്വേഷണം.
എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്തോഷിനെ പിടികൂടി ചോദ്യംചെയ്തതോടെ സത്യം പുറത്തുവന്നു. സന്തോഷിനെയും കൂട്ടി രവിയുടെ വീട്ടിലെത്തിയ പൊലീസ് സംഘം നാട്ടുകാര്‍ക്കു മുന്നില്‍ വാസ്തവം അവതരിപ്പിച്ചതോടെയാണ് സംശയങ്ങള്‍ വഴിമാറിയത്.
ഉടമസ്ഥര്‍ വീടുപൂട്ടി പുറത്തു പോകുന്ന തക്കത്തിന് ജനാലപ്പടിയിലും ചെടിച്ചട്ടിയിലുമൊക്കെ പരതി താക്കോല്‍ കണ്ടെത്തി മോഷണം നടത്തുന്നതില്‍ വിദഗ്ധനാണ് സന്തോഷ്. മാടക്കത്തറ, തൈക്കാട്ടുശേരി, കുറ്റുമുക്ക്, മരോട്ടിച്ചാല്‍, തളിക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ സന്തോഷ് സമാന രീതിയില്‍ മോഷണം നടത്തിയിരുന്നു. പിന്നാലെയാണ് സന്തോഷിനെ പോലീസ് കുടുക്കിയത്.