ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്-19 വാക്സിന് നല്‍കിയതില്‍ ഗുരുതര വീഴ്ച്ച കണ്ടെത്തി. മുപ്പതോളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ചാണ് വാക്സിന് കുത്തിവെപ്പ് നടത്തിയതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. തലസ്ഥാന നഗരമായ ഭോപ്പാലിനോട് ചേര്‍ന്നുള്ള ജെയിന് പബ്ലിക്ക് സ്ക്കൂളിലാണ് കൊവിഡ് വാക്സിന് നല്‍കിയതില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് ഗുരുതര പിഴവ് സംഭവിച്ചത്. ജിതേന്ദ്ര റായ് എന്നയാളാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്.
വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ‘ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന് ബുധനാഴ്ച്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം ഉദ്യോഗസ്ഥരോട് തിരക്കി. 40 കുട്ടികള്‍ക്ക് ഒരു സിറിഞ്ച് എന്ന തോതിലാണ് ഉപയോഗിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന മറുപടി. ഇക്കാര്യം ഉടന്‍ തന്നെ സ്ക്കൂള് മാനേജ്മെന്റിനെ അറിയിച്ചു.’ രക്ഷിതാവ് വിശദീകരിച്ചു.
സംഭവത്തില്‍ രക്ഷിതാക്കള്‍ ഒന്നടഹ്കം രംഗത്തെത്തി. ഇതിന്റെ പൗര്ശ്വഫലം എന്നോണം വിദ്യാര്‍ത്ഥികളില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആര് സമാധാനം പറയുമെന്ന് രക്ഷിതാക്കള്‍ ചോദിക്കുന്നു. അതേസമയം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് താന്‍ ഒരു സിറിഞ്ച് 30 വിദ്യാര്‍ത്ഥികളില്‍ ഉപയോഗിച്ചതെന്നാണ് ജിതേന്ദ്രയുടെ പ്രതികരണം.