ഭോപ്പാല്‍: ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായ കോവിഡ് രോഗി രോഗം മൂര്‍ച്ഛിച്ച് മരിച്ചു. ഭോപ്പാലിലാണ് സംഭവം. മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ വെച്ച് നഴ്സ് തന്നെ ബലാത്സംഗം ചെയ്തതായി 43 കാരിയായ രോഗി ഡോക്ടറോട് പരാതിപ്പെട്ടിരുന്നു.
പരാതിപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ രോഗം മൂര്‍ച്ഛിച്ചു യുവതി മരിക്കുകയായിരുന്നു. ഏപ്രില്‍ ആദ്യവാരം നടന്ന സംഭവം പുറംലോകം അറിയുന്നത് കഴിഞ്ഞ ദിവസം കുറ്റവാളി അറസ്റ്റിലായതിന് ശേഷമാണ്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിയുകയും ഡോക്ടറോട് പറയുകയും ആയിരുന്നു.
എന്നാല്‍ ആരോഗ്യനില പെട്ടന്ന് വഷളായതോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും വൈകുന്നേരത്തോടെ അവര്‍ മരിക്കുകയും ആയിരുന്നു. നിഷാദ്പുര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, 40കാരനായ സന്തോഷ് അഹിര്‍വാറിനെ പൊലീസ് കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ ഇപ്പോള്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ്. സഹപ്രവര്‍ത്തകയായ സ്റ്റാഫ് നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ചതിലും , ജോലിസ്ഥലത്ത് മദ്യപിച്ചു വന്നതിനും ഇയാള്‍ മുന്‍പും ശിക്ഷാ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. പീഡന വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ എല്ലാ വഴിവിട്ട നടപടികളും സ്വീകരിച്ചു എന്നാണ് പീഡനത്തിരയായവരുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നത്.
എന്നാല്‍ വ്യക്തിവിവരങ്ങള്‍ പുറത്താകരുതെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. എന്നും അത് കൊണ്ടാണ് മറ്റാരുമായും വിവരങ്ങള്‍ പങ്കിടാതിരുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഇര്‍ഷാദ് വാലി പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ഭോപ്പാല്‍ ആശുപത്രിയിലെ ”കൊവിഡ് വാര്‍ഡുകളുടെ ദയനീയ അവസ്ഥ” വ്യക്തമാക്കി കൊണ്ട് പീഡനത്തിരയായവരുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് കത്തയച്ചിട്ടുണ്ട്. എല്ലാ കൊവിഡ് വാര്‍ഡുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, ലൈംഗിക കുറ്റവാളികളെ ആശുപത്രികള്‍ നിയമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നിവയും അവര്‍ ആവശ്യപ്പെടുന്നുണ്ട്.