ആലുവ: എടത്തലയില്‍ ഇനി ആരും ഭക്ഷണം കിട്ടാതെ അലയരുത്. വിശക്കുന്നവര്‍ക്ക് ഒരു പൊതിച്ചോറ്, അതും സൗജന്യമായി നല്കി വ്യത്യസ്തമാവുകയാണ് ഒരു പലചരക്ക് കട. നൊച്ചിമ ഗവ. ഹൈസ്കൂളിന് എതിര്‍വശത്തെ നോനാസ് എന്ന പലചരക്ക്, സ്റ്റേഷനറി കടയിലാണ് ‘വിശക്കുന്നവന് ഒരു പൊതി ചോറ്, സൗജന്യമായി’ എന്ന പദ്ധതി തുടങ്ങിയിരിക്കുന്നത്.
നവവത്സര തലേന്നാണ് പദ്ധതി ആരംഭിച്ചത്. വിശപ്പടക്കാന്‍ ഗതിയില്ലാതെ അലയുന്നവരോട് അലിവുള്ളവര്ക്കു കടയില്‍ ഭക്ഷണപ്പൊതി ഏല്പിക്കാം. ഭക്ഷണം ചോദിച്ച് എത്തുന്നവര്‍ക്ക് അവരതു കൊടുക്കും. ഇത്രയേ ഉള്ളൂ സംഭവം.
എടത്തല കാഞ്ഞിരത്തിങ്കല്‍ അനസും അനുജന് അമീറും ചേര്‍ന്നു വാടകമുറിയില്‍ നടത്തുന്ന കൊച്ചു കടയാണിത്. അനസിന്റെ മകന് അവാദും സഹായത്തിനുണ്ട്. ആലുവ വിദ്യാധിരാജ വിദ്യാലയത്തില്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ് അവാദ്.
കഴിഞ്ഞ 2 ദിവസങ്ങളിലും ഇവരുടെ വീട്ടില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണപ്പൊതികളാണു കടയില്‍ വച്ചത്. ബാനര്‍ കണ്ട് 6 പേര് എത്തി വാങ്ങി. ആളുകള്‍ കടയില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചു തുടങ്ങിയിട്ടില്ല. വാര്‍ഡ് അംഗം അഫ്സല് കുഞ്ഞുമോന് ആണു ഭക്ഷണപ്പൊതി വിതരണത്തിനു തുടക്കം കുറിച്ചത്. സദ്യ നടത്തുന്നവര്‍ അറിയിച്ചാല്‍ ഭക്ഷണസാധനങ്ങള്‍ അവിടെ എത്തി ശേഖരിക്കുമെന്നും ഇവര്‍ പറഞ്ഞു.
കൊവിഡ് കാലത്തു 10 രൂപയ്ക്കു പലചരക്കു പൊതികള്‍ നല്കി ശ്രദ്ധിക്കപ്പെട്ട കടയാണിത്. സാധാരണക്കാര്‍ക്കു 100 രൂപയുമായി എത്തിയാല്‍ ഇപ്പോഴും 10 കൂട്ടം പലചരക്ക് സാധനങ്ങള്‍ വാങ്ങാം.