പാണ്ടിക്കാട്: തുണിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്ത്രങ്ങൾ എല്ലാം മോഷണം പോയതോടെ പ്രതിസന്ധിയിലായ തുണിക്കടയുടമയ്ക്ക് സഹായവുമായി വ്യാപാരികളും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും. പാണ്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ കോട്ടോപ്പാടൻ റമീസ് ഷാനിനാണ് കട തുറന്ന് പ്രവർത്തിക്കാനുള്ള സഹായവുമായി സഹപ്രവർത്തകരെത്തിയത്.
നവംബർ 18നാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തുണി കടയിൽ നിന്ന് വസ്ത്രങ്ങൾ മോഷണംപോയത്. പ്രാഥമിക നിഗമനത്തിൽ 35,000 രൂപ വിലയുള്ള വസ്ത്രങ്ങൾ മോഷണം പോയതായി കണ്ടെത്തുകയും ചെയ്തിരുന്നു.
സഹായം കൈമാറുന്ന ചടങ്ങിൽ ഇരഞ്ഞിയിൽ അക്ബർ ഷാ, അഷ്റഫ് പിലാക്കൽ, നാസർ പുഞ്ചിരി, കെഎംടി നാസർ, ഷാജി പർദ്ദ തുടങ്ങിയവർ പങ്കെടുത്തു. സംഭവം നടന്ന സമയത്ത് സമീപത്തെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം വ്യക്തമായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.