കുറ്റ്യാടി: ബസില്‍ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തുണയായി ഡ്രൈവറും കണ്ടക്ടറും. രാവിലെ 6ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള അജ്വ ബസിലാണു സംഭവം.
മൂരികുത്തിയില്‍ നിന്നു അജ്വ ബസില്‍ കയറിയ സുന്ദരന്‍ എന്നയാള്‍ക്കാണ് അണ്ടിക്കോട് എത്തിയപ്പോള്‍ നെഞ്ചു വേദന അനുഭവപ്പെട്ടത്. എന്നാല്‍ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കാരണം യാത്രക്കാരന്റെ ജീവന് രക്ഷിക്കാനായി. സുന്ദരന്റെ കൂടെ ഭാര്യ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറെ കാണാനായിരുന്നു ഇവര്‍ രാവിലെ പുറപ്പെട്ടത്.
ഡ്രൈവര്‍ കടിയങ്ങാട് കുന്നുമ്മല്‍ സജിത്തും കണ്ടക്ടര്‍ നിമേഷ് കുമ്പളവും ബസില്‍ ഉണ്ടായിരുന്ന മറ്റൊരു ഡ്രൈവറായ ശ്യാമും ചേര്‍ന്ന് സുന്ദരനെ പുറക്കാട്ടിരിയിലുള്ള ക്ലിനിക്കില്‍ എത്തിച്ചു. അവിടെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മറ്റൊരിടത്ത് ചികിത്സ തേടിയെങ്കിലും അവിടെയും ഡോക്ടറുടെ സഹായം ലഭിച്ചില്ല. ഉടനെ ബസ് എവിടെയും നിര്‍ത്താതെ ഇഖ്റ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.
പിന്നീടാണ് ഇവര്‍ മെഡിക്കല്‍ കോളജിലേക്ക് പോയത്. സുന്ദരന്‍ അപകടനില തരണം ചെയ്തുവെന്നാണ് അറിയുന്നത്. അതേസമയം, ബസിലെ മുഴുവന്‍ യാത്രക്കാരും ഈ സമയം പൂര്‍ണമായ സഹകരണവും നിര്‍ദേശങ്ങളും നല്‍കിയതായി ബസ് തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം, അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ഒരു തെരുവു നായ ജീവിതത്തിലേക്കു തിരിച്ചുകയറ്റിയ സംഭവം കഴിഞ്ഞ ആഴ്ചയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കുട്ടപ്പന് എന്ന നായയുടെ കരുതലിലാണ് ഭൂജല അതോറിറ്റി ജീവനക്കാരന് വൈക്കം വെച്ചൂര്‍ പരുത്തിപ്പറമ്പില്‍ ജോണിന് ജീവന് തിരിച്ചുകിട്ടിയത്.
വ്യാഴാഴ്ച പുലര്‍ച്ചേ നാലോടെ കാവുങ്കല്‍ തെക്കേ കവലയ്ക്കു തെക്കുവശം നാഥന്‍സ് ആര്‍ഒ വാട്ടര്‍ പ്ലാന്റിനു സമീപത്തെ കുളത്തിലേക്കു ജോണിന്റെ ബൈക്ക് മറിഞ്ഞു. രാത്രി ഡ്യൂട്ടികഴിഞ്ഞ് തൃക്കുന്നപ്പുഴയില്‍ നിന്ന് വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. എതിരേവന്ന വാഹനം വെളിച്ചം മങ്ങിപ്പിക്കാത്തതിനാല്‍ കണ്ണു മഞ്ഞളിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ തട്ടിയ ശേഷം സമീപത്തെ കുളത്തിലേക്കു മറിയുകയായിരുന്നു.
ആര്‍ഒ പ്ളാന്റ് ഉടമ കെഎ രഘുനാഥന്റെ കെട്ടിടത്തിനു സമീപം കിടന്നിരുന്ന കുട്ടപ്പന് അപകടം കണ്ട് ആ ഭാഗത്തേക്ക് ഓടിയെത്തി. തുടര്‍ച്ചയായി കുരച്ച് സമീപവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചു. പുലര്‍ച്ചേ നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേല്‍വെളി ശ്യാംകുമാര്‍ എന്നിവര്‍ കുര കേട്ടാണ് ശ്രദ്ധിച്ചത്. അവര്‍ എറെ പ്രയാസപ്പെട്ട് ജോണിനെ കുളത്തില്‍ നിന്നു കരകയറ്റി. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് വൈക്കം ആശുപത്രിയില്‍ ചികിത്സ തേടിയ ജോണ്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു.