ചാലക്കുടി: ഭക്ഷണത്തിനു മുന്പില് സ്ഥാനാര്‍ത്ഥിയെന്നോ വോട്ടര്മാരെന്നോ ഇല്ല, അവിടെ എല്ലാവരും ഒന്നാണ്. പോരാട്ടത്തിരക്കിനിടയിലും ഒരുമിച്ചിരുന്ന് പ്രാതല്‍ കഴിക്കുന്ന എതിര് സ്ഥാനാര്‍ത്ഥികള്‍ നാട്ടുകാര്‍ക്ക് കൗതുകം ഉണര്‍ത്തി.
സൗത്ത് ജംക്ഷനിലെ കൃഷ്ണഭവന്‍ സ്വാമീസ് വെജിറ്റേറിയന്‍ ഹോട്ടലിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഒന്നിച്ചിരുന്നു പ്രാതല്‍ കഴിക്കുന്നവരെ കണ്ടവര്‍ കണ്ടവര്‍ ആദ്യം ഒന്നമ്പരന്നു. നിയോജക മണ്ഡലത്തില്‍ പരസ്പരം പോരാടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി സനീഷ്കുമാര് ജോസഫും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡെന്നീസ് കെ ആന്റണിയുമാണ് സ്ഥാനാര്‍ത്ഥിത്വം മറന്നു വിശപ്പിനു മുന്നില്‍ ഒന്നായത്.
ഇന്നലത്തെ പര്യടനത്തിനിടെയാണ് യാദൃച്ഛികമായി ഇരുവരും കണ്ടുമുട്ടിയത്. ആദ്യമെത്തിയത് ഡെന്നീസായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ സനീഷ്കുമാറുമെത്തി. എന്നാല്‍ ഒരുമിച്ചാകാം പ്രാതല്‍ എന്നു പറഞ്ഞ് അടുത്തടുത്തിരുന്നു കഴിച്ചു. പ്രവര്‍ത്തനങ്ങള്‍ എവിടെ വരെയെത്തിയെന്നു ചെറിയ കുശലാന്വേഷണം. പിന്നീട് വോട്ട് തെടി രണ്ടാളും ജനങ്ങള്‍ക്കിടയിലേക്ക്.