തൃശൂര്‍: തൃശൂര്‍ അഗ്നിരക്ഷാസേനയുടെ സേവനമുഖത്ത് പുതുസാന്നിധ്യമായി പെണ്പോരാളികളെത്തി. കട്ടിലപ്പൂവം സ്വദേശി സിജി ഷാജി, വേലൂര്‍ സ്വദേശി പിപി സിന്ധു, ഊരകം സ്വദേശി ടികെ ശോഭന എന്നിവരാണ് ഹോം ഗാര്‍ഡുമാരായി ചുമതലയേറ്റത്.
സംസ്ഥാനത്ത് ആകെ 34 വനിതകളാണ് അഗ്നിരക്ഷാസേനയുടെ ഭാഗമായത്. ഇതില്‍ കേരള പോലീസില്‍നിന്നു വിരമിച്ച 2 പേരൊഴികെ ബാക്കിയെല്ലാവരും സിആര്‍പിഎഫില്‍ നിന്നാണ്. വിയ്യൂരിലെ ഫയര്‍ സര്‍വീസ് അക്കാദമിയിലും തൃശൂര്‍ അഗ്നിരക്ഷാനിലയത്തിലുമാണ് ഇവര്‍ പ്രാഥമിക പരിശീലനം പൂര്‍ത്തീകരിച്ചത്.
സിആര്‍പിഎഫ് എഎസ്ഐമാരായി വിരമിച്ചവരാണ് സിജിയും (വെസ്റ്റ് ബംഗാള്‍) ശോഭനയും (കോയമ്പത്തൂര്‍). കോയമ്പത്തൂരില്‍നിന്ന് സിആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ആയിട്ടാണ് സിന്ധു വിരമിച്ചത്. 1999ല്‍ ഒഡീഷയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിലും ഉത്തരേന്ത്യയിലെ വിവിധ ദുരന്തമുഖങ്ങളിലും പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തും ഡപ്യൂട്ടേഷനില്‍ റാപിഡ് ആക്ഷന്‍ ഫോഴ്സില്‍ ജോലിചെയ്ത പരിചയവും ഇവര്‍ക്കുണ്ട്.
മാര്‍ച്ച് 8ന് പാലക്കാടു നടന്ന പാസിങ് ഔട്ട് പരേഡിനു ശേഷമാണ് ഇവര്‍ സേനയുടെ ഭാഗമായത്. 63 വയസ്സുവരെ ഇവര്‍ക്കു സേവനം തുടരാം. പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ആമ്പക്കാട്ടും മനക്കൊടിയിലും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു.