കൊരട്ടി: സഹപാഠിയുടെ അമ്മയ്ക്ക് വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സുഹൃത്തുക്കളുടെ സഹായം. ഒരാഴ്ചകൊണ്ട് 86000 രൂപ സ്വരൂപിച്ച് നല്കി. ആറ്റപ്പാടം പൈനാടത്ത് ഷീജുവിന്റെ ഭാര്യ ആശ (36)യുടെ ചികിത്സയ്ക്കായാണ് കൊരട്ടി എംഎഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ പങ്കാളിത്തത്തോടെ പണം ശേഖരിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ പതിവ് സൗഹൃദങ്ങളില്ലെങ്കിലും സഹപാഠിക്ക് വിഷമഘട്ടം വന്നപ്പോള്‍ സഹായം നല്കാന് സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നു. ഒരാഴ്ചകൊണ്ട് സമാഹരിച്ച 86000 രൂപ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പിസി ബിജു, പ്രിന്‍സിപ്പല്‍ രതീഷ് ആര് മേനോനില്‍നിന്നും ഏറ്റുവാങ്ങി.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ നൈനു റിച്ചു, കെആര്‍ സുമേഷ്, ഗ്രാമപ്പഞ്ചായത്തംഗം റെയ്മോള്‍ ജോസ്, അധ്യാപകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.