ഗുരുവായൂര്‍: പൊതുവെ സ്ത്രീകള്‍ ഭയപ്പെട്ട് ഒഴിഞ്ഞു പോകാറുള്ള ജോലി ഏറ്റെടുത്ത മനോധൈര്യത്തിന്റെ മറ്റൊരു മുഖമായിരുന്നു നെല്ലായി സ്വദേശിനിയായ കെഡി സജിത ശശി. ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുന്ന തൃശൂര്‍ ഡിവിഷനിലെ ഏക ‘കീവുമണ്‍’.
ആത്മവിശ്വാസത്തോടെ ഒരു വര്‍ഷക്കാലം ട്രാക്ക് സുരക്ഷിതമാക്കിയ സജിത ഇനി സൂപ്പര്‍വൈസര്‍ ആണ്. ‘ഗ്യാങ് മേറ്റ്’ എന്ന സൂപ്പര്‍വൈസര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റത്തോടെ സജിതയ്ക്ക് സ്ഥലമാറ്റം ലഭിച്ചു. അമല സ്റ്റേഷനിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. സജിത ശശിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി.
യാത്രയയപ്പില്‍ സെക്ഷന്‍ സൂപ്പര്‍വൈസര്‍ സിഒ സ്റ്റീഫന്‍ ഉപഹാരം നല്കി. ബാസ്കര്‍ നായിക് നിക്സണ് ഗുരുവായൂര്‍, പിഎസ് ശശി, ശ്രീനാരായണന്, വിദ്യ സുരേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 7 വര്‍ഷമായി റെയില്‍വേയില്‍ സ്ഥിര ജീവനക്കാരിയാണ് സജിത. ആദ്യം ഗേറ്റ് വുമണ്‍ ആയിരുന്നു.
കീ വുമണിന്റെ ജോലി വളരെ പ്രയാസമേറിയതാണ്. ദിവസവും 16 കിലോമീറ്റര്‍ വെയിലോ മഴയോ നോക്കാതെ ഇരുമ്പും കല്ലും ചവിട്ടി ട്രാക്കിലൂടെ നടക്കണം. 20 കിലോയിലേറെ ഭാരമുള്ള പണി ആയുധങ്ങളും ഏറ്റണം. പാളത്തിന്റെ വിള്ളലുകളും പൊട്ടലുകളും ശ്രദ്ധിക്കണം. റെയില്‍ ലോക്ക് ഉറപ്പിക്കണം. ട്രാക്കിലേക്ക് വീഴാറായ മരങ്ങള്‍ കണ്ടെത്തണം. വൈദ്യുത ലൈനുകള്‍, അനധികൃത നിര്‍മാണം, മണ്ണൊലിപ്പ്, വെള്ളക്കെട്ട്, പാലങ്ങളുടെയും അടിപ്പാതകളുടെയും സംരക്ഷണം. ട്രെയിന്‍ സുരക്ഷിതമായി കടന്നു പോകാന്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം.