ബാലരാമപുരം: ആഡംബര ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി സൗജന്യമായി സര്‍വ്വീസ് നടത്താനൊരുങ്ങി ട്രാവല്‍സ് ഉടമ. ബാലരാമപുരം സ്വദേശിയായ ഷാജഹാന് ആണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൊവിഡ് പ്രതിരോധത്തില്‍ നാടിന് മാതൃകയാവുന്നത്.
കാരുണ്യ ഡ്രൈവേഴ്സ് ഹെല്പ് ലൈന്‍(കെഡിഎച്ച്) സംസ്ഥാന വൈസ് പ്രസിഡന്റും ബാലരാമപുരം ടാജ് മഹല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമയുമാണ് ഷാജഹാന്. കൊവിഡ് ബാധിതര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് വിളിച്ചാല്‍ കിട്ടുന്നില്ലെന്ന പരാതികള്‍ ഉയരുമ്പോഴാണ് വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ ഷാജഹാന് മാതൃകയാവുന്നത്.
17 പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തിലെ സീറ്റുകള്‍ ഇളക്കിമാറ്റി കെഡിഎച്ചിന്റെ സഹകരണത്തോടെ സ്ട്രെച്ചറും ഓക്സിജന്‍ സംവിധാനവും ഒരുക്കുകയാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയായാല്‍ ആംബുലന്‍സ് നിരത്തിലിറങ്ങും.
സ്വന്തം വരുമാനത്തില്‍ നിന്നാണ് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തുന്നതെന്നും തന്റെ മറ്റു വാഹനങ്ങളും ആംബുലന്‍സാക്കി മാറ്റാന്‍ തയ്യാറാണെന്നും ഷാജഹാന് പറഞ്ഞു. സൗജന്യമായി സര്‍വ്വീസ് നടത്താനാണ് ഷാജഹാന്റെ തീരുമാനം.