പോത്തന്‍കോട്: കൊവിഡ് പേടി കാരണം കണ്ടെയ്ന്മെന്റ് മേഖലയിലേക്ക് വണ്ടി വിളിച്ചിട്ട് ആരും വന്നില്ല. ഒടുവില്‍ പനി ബാധിതരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ കുപ്പായം അണിഞ്ഞ് ആരോഗ്യ സമിതി അധ്യക്ഷന്‍.
അണ്ടൂര്‍ക്കോണം ഗ്രാമപ്പഞ്ചായത്തിലെ കണ്ടെയ്ന്മെന്റ് മേഖല കൂടിയായ തിരുവെള്ളൂര് വാര്‍ഡിലാണ് സംഭവം. കൊവിഡ് രോഗിയുള്ള വീട്ടിലെ പനി ബാധിതരായ അഞ്ചു സ്ത്രീകളെയും നാലു വയസുള്ള കുഞ്ഞിനേയും പരിശോധനയ്ക്ക് എത്തിക്കാനായാണ് വാഹനങ്ങള്‍ വിളിച്ചിട്ടു ആരും വരാതിരുന്നത്.
അണ്ടൂര്‍ക്കോണം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് ആംബുലന്‍സ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ അഭാവത്തില്‍ പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷന്‍ കൂടിയായ റഫീഖ് ആംബുലന്‍സിന്റെ ഡ്രൈവറായെത്തുകയായിരുന്നു.
റഫീഖ് ഇവരെ പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം നടക്കുന്ന വെള്ളൂര്‍ ജമാഅത്തിലെ പരിശോധനാകേന്ദ്രത്തിലും തിരികെ വീട്ടിലും എത്തിച്ചു. വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും, സിപിഎം കണിയാപുരം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് റഫീഖ്.
മുന്‍പ് അപകടത്തില്‍പ്പെട്ട ആംബുലന്‍സ് ഏറെ നാളായി വര്‍ക്ഷോപ്പിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പണിതീര്‍ത്ത് അണ്ടൂര്‍ക്കോണം സാമൂഹികാരോഗ്യ എത്തിച്ചത്. പെരുമാറ്റ ചട്ടം കഴിയുന്നതോടെ ഡ്രൈവറെ നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.