ആറ്റിങ്ങല്‍: കൊല്ലമ്പുഴ ദേവീ- മൂര്‍ത്തി നട ക്ഷേത്രത്തിലെ കാര്യദര്‍ശിയെ ഭാഗ്യദേവത കടാക്ഷിച്ചു. ഒന്നാം സമ്മാനമായി ലഭിച്ച ഒരു കോടി രൂപ ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുമെന്ന് കാര്യദര്‍ശി സി ബിജു.
ക്ഷേത്ര കാര്യദര്‍ശി വലിയകുന്ന് ജയഭാരത് സ്കൂളിന് സമീപം എംഎന്‍ആര്‍എ 58, ലക്ഷ്മി ഭവനില്‍ സി ബിജു (46) വിനെ ആണ് ഭാഗ്യം തുണച്ചത്. 7ന് നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യമിത്ര പ്രതിമാസ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ലഭിച്ചത്.
ക്ഷേത്രത്തില്‍ പതിവായി എത്താറുള്ള കിളിമാനൂര്‍ സ്വദേശി ഷാജി എന്ന ആളില്‍ നിന്നും ആണ് ബിജു ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം വില്‍പനക്കാരനാണു സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് യൂണിയന് ബാങ്കിന്റെ ആറ്റിങ്ങല്‍ ശാഖയില്‍ ഏല്പിച്ചു.
വല്ലപ്പോഴും മാത്രം ലോട്ടറി എടുക്കുന്ന ബിജു 19 വര്‍ഷമായി ദേവി – മൂര്‍ത്തി നടയില്‍ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്നു. ദേവീ കടാക്ഷമാണു ഭാഗ്യക്കുറിയുടെ രൂപത്തിലെത്തിയതെന്നാണു ബിജുവിന്റെ വിശ്വാസം.
അതുകൊണ്ടുതന്നെ സമ്മാനമായി ലഭിക്കുന്ന തുക ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കുമെന്നും ബാക്കി തുക മാത്രമേ സ്വന്തം ആവശ്യങ്ങള്‍ക്കായി എടുക്കുകയുള്ളു എന്നും ബിജു പറഞ്ഞു. ബിജുവിന്റെ ഭാര്യ സരിത, മക്കള്‍: മിഥില, നന്ദന എന്നിവരാണ്.