പോത്തന്‍കോട്: ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന നാലംഗ സംഘം ബേക്കറിയില്‍ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംക്ഷനു സമീപമാണ് സംഭവം. സംഭവത്തില്‍ ഒന്നാം പ്രതി പള്ളിപ്പുറം പുതുവല്‍പുത്തന്‍വീട് ഫമിന മന്‍സിലില്‍ ഷാനു എന്ന ഷാനവാസ് ( 36 ), രണ്ടാം പ്രതി നഗരൂര്‍ കൊടുവഴന്നൂര്‍ റംസി മന്‍സിലില്‍ റിയാസ് (32 ) എന്നിവരെ മംഗലപുരം പോലീസ് അറസ്റ്റു ചെയ്തു.
ബേക്കറിയുടമ പുതുവല്‍ സിയാദ് മന്‍സിലില്‍ സജാദ് (36) നാണ് കുത്തേറ്റത്. ഇദ്ദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ്. ഇന്നലെ വൈകിട്ട് പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു.
കഴിഞ്ഞ 19ന് രാത്രി 6.30തോടെയായിരുന്നു സംഭവം. കാറിലെത്തിയ ഷാനവാസും മൂന്നു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. നിരത്തിലെ പച്ചക്കറി കച്ചവടക്കാരനോട് വാക്കുതര്‍ക്കത്തിനു ശേഷമാണ് ബേക്കറിയിലെത്തിയത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടെങ്കിലും സജാദ് കൊടുക്കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു തുരുതുരെ കുത്തുകയായിരുന്നു.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തൊട്ടടുത്ത ദിവസം കല്ലമ്പലം ഭാഗത്തു നിന്ന് ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുന്നും നാലും പ്രതികളായ അന്‍സര്‍, ഫിറോസ് എന്നിവരെ കൂടി ഇനി പിടികൂടാനുണ്ടെന്നും മംഗലപുരം സിഐ കെപി ടോംസണ് പറഞ്ഞു.
ഷാനവാസ് കൊലപാതകം അടക്കം 17 കേസുകളിലും റിയാസ് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ പരാതി കൊടുക്കാന്‍ പ്രദേശവാസികള്‍ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അത്തരം സാഹചര്യം ഒഴിവാക്കാന്‍ മറ്റു ക്രിമിനലുകളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ടോംസണ് പറഞ്ഞു.
അതേസമയം, പോലീസ് അന്വേഷണം ഇഴയുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം പ്രദേശത്തെ വ്യാപാരികള്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങളിലേക്ക് കടന്നിരുന്നു. പ്രതികളെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.