പാറശാല: പതിമൂന്ന് വര്‍ഷമായി ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ കിടക്കയില്‍ ജീവിക്കുന്ന ലിജോയുടെ ജീവിതം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സഹായങ്ങളുടെ പ്രവാഹമാണ് പാറശാല സ്വദേശി ലിജോയെ തേടിയെത്തുന്നത്.
രാജ്യാന്തര ഐടി സ്ഥാപനമായ ഐബിഎസ് ലിജോയ്ക്കു വീട് നിര്‍മിച്ചു നല്‍കുമെന്ന് ചെയര്മാന് വികെ മാത്യൂസ് അറിയിച്ചു. ഇപ്പോള്‍ വാടക വീട്ടിലാണ് ലിജോയും സഹോദരന് വിപിനും കുടുംബവും കഴിയുന്നത്. ലിജോയുടെ വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ സുമനസ്സുകളുടെ സഹായമായി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതുവരെ 20 ലക്ഷത്തില്‍പരം രൂപ എത്തി.
വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്ന ലിജോയെ മാതാപിതാക്കളുടെ മരണത്തോടെ വര്‍ഷങ്ങളായി പരിചരിക്കുന്നതു സഹോദരന് വിപിന്‍ ആണ്. രോഗിയായ ഭാര്യയുടെയും സഹോദരിയുടെയും ഉത്തരവാദിത്തഭാരം പേറുന്ന വിപിന്‍ കൊവിഡ് കീഴ്പ്പെടുത്തിയതോടെ സ്വകാര്യ സ്ഥാപനത്തിലെ ജോലിയും നഷ്ടപ്പെട്ടിരുന്നു.
‘അമ്മ പോയ ശേഷം ചേട്ടന് എന്നെ രാവും പകലും എത്ര കരുതലോടെയാണു നോക്കുന്നത്. നന്ദി പറയാന്‍ വാക്കില്ല’
ലിജോ വിതുമ്പുന്നു.
13 വര്‍ഷം മുന്‍പ് ചികിത്സയ്ക്കു ശേഷം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നു മാതാപിതാക്കളോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ ലിജോയ്ക്കു ജീവന് നിലനിര്‍ത്താന്‍ അനിവാര്യമായ ഹോം വെന്റിലേറ്റര്‍ സുമനസുകളുടെ സഹായത്തോടെ സംഭരിച്ച 4 ലക്ഷം രൂപ ഉപയോഗിച്ചാണു വാങ്ങിയത്. അതിനു മുന്‍കൈയെടുത്തത് അന്നു ലിജോയെ ചികിത്സിച്ച ശ്രീചിത്രയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. സഞ്ജീവ് തോമസാണ്. 13 വര്‍ഷത്തിനു ശേഷം ലിജോയുടെയും സഹോദരന് വിപിന്റെയും ജീവിതം പുറംലോകത്തെ അറിയിച്ചതും ഡോ.സഞ്ജീവ് തന്നെ.
പുതിയൊരു വെന്റിലേറ്റര്‍ സൗജന്യമായി ലഭിക്കാന്‍ ലിജോ ആരോഗ്യ വകുപ്പിനു മാസങ്ങള്‍ക്കു മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. അതേസമയം, വൈദ്യുതി ബോര്‍ഡ് ചെയര്മാന് എന്‍എസ് പിള്ള, ലിജോയ്ക്കു വൈദ്യുതി ബില്‍ പൂര്‍ണമായി ഇളവു ചെയ്യുന്നതിനുള്ള അപേക്ഷ ബോര്‍ഡിനു മുന്നില്‍ വയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
2007ലാണ് അക്യൂട്ട് എന്‍സഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂര്‍വ്വ രോഗം ബാധിച്ച് കഴുത്തിനു താഴെ തളര്‍ന്ന നിലയില്‍ ലിജോ ശ്രീചിത്രയില്‍ എത്തിയത്. ബിടെക്കിന് അഡ്മിഷന് ശരിയായ സമയത്താണു രോഗം പിടികൂടിയത്. മികച്ച ടേബിള്‍ ടെന്നിസ് കളിക്കാരനായ ലിജോ സംസ്ഥാന സ്കൂള്‍ മീറ്റില്‍ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.