പാറശാല: ഇവിടെയുണ്ട് ആ രക്ഷകന്, ദേശീയപാതയ്ക്ക് കുറുകെ ഓടിയ രണ്ട് വയസ്സുകാരനെ ബസ് നിര്‍ത്തി രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ രാജേന്ദ്രന്. ശ്വാസം നിലച്ച സമയത്ത് രക്ഷകനായ രാജേന്ദ്രനെ നാട്ടുകാര്‍ സ്നേഹാദരങ്ങള്‍ കൊണ്ടുമൂടുകയാണ്.
രണ്ട് ദിവസം മുന്‍പ് ആയിരുന്നു സംഭവം. ഉദിയന്‍കുളങ്ങരക്ക് സമീപം സൈക്കിള്‍ വില്പന ശാലയില്‍ മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിയ രണ്ട് വയസുകാരന് ആണ് കളിച്ച് കൊണ്ടിരുന്ന പന്ത് റോഡിലേക്ക് ഉരുണ്ട് പോയത് എടുക്കാന്‍ റോഡ് മുറിച്ച് ഓടിയത്. അപ്രതീക്ഷിതമായി റോഡില്‍ കുഞ്ഞിനെ കണ്ട കളിയിക്കാവിള നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് ബസ് ഡ്രൈവര്‍ നെയ്യാറ്റിന്‍കര സ്വദേശി കെ രാജേന്ദ്രന് സഡന്‍ ബ്രേക്കിട്ട് ബസ് നിര്‍ത്തിയതാണ് അപകടം ഒഴിവാക്കിയത്.
കെഎസ്ആര്‍സി എംപ്ലോയിസ് അസോസിയേഷന്, വ്യാപാരി വ്യവസായി ഏകോപന സമിതി, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജേന്ദ്രനെ ആദരിച്ചു. കെ ആന്‍സലന്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍എസ് നവനീത്കുമാര്‍, ചെങ്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡ്രൈവര്‍ കെ രാജേന്ദ്രന് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും എന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.
കുഞ്ഞ് ഒാടുന്നത് അല്പ ദൂരം മുന്‍പേ ഡ്രൈവര്‍ കണ്ടതാണ് അപകടം വഴി മാറ്റിയത്. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തില്‍ കടന്നു പോയി. സംഭവം കണ്ടവര്‍ ശ്വാസമെടുക്കാന്‍ പോലും മറന്നു ഞെട്ടി നില്‍ക്കുകയായിരുന്നു. കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി.