വെഞ്ഞാറമൂട്: തെരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും സാധാരണയാണ്. എന്നാല്‍ തോറ്റിട്ടും പറഞ്ഞ വാക്കുപാലിച്ച സ്ഥാനാര്‍ത്ഥികള്‍ വളരെ വിരളമാണ്. അങ്ങനെ വാക്കിന് വില കല്‍പ്പിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി ഇവിടെയുണ്ട്. ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥിക്ക് സ്വന്തം ചെലവില്‍ ടിവിയും കേബിള്‍ കണക്ഷനും വാങ്ങി നല്കി ശോഭയാണ് നാടിന് മാതൃകയായത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നെല്ലനാട് പഞ്ചായത്തിലെ പരമേശ്വരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ആര്‍എന്‍ ശോഭ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും പൊതു ജീവിതത്തില്‍ വാക്കു പാലിക്കുക എന്നത് ജീവിത ദൗത്യമാണെന്നു വിശ്വസിക്കുന്നയാളാണ് ആര്‍എന്‍ ശോഭ. അതുകൊണ്ട് തന്നെയാണ് മാതാപിതാക്കളില്ലാത്ത വിദ്യാര്‍ത്ഥിക്ക് സഹായം നല്കാന് എത്തിയത്.
പരമേശ്വരം വാര്‍ഡിലെ മാടത്തിവിളാകം കോളനിയില്‍ വോട്ട് അഭ്യര്‍ഥിച്ചു ചെന്നപ്പോള്‍ മാതാപിതാക്കളില്ലാത്ത, ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യം ചെയ്യാമെന്നു ശോഭ ഉറപ്പു നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പു കഴിഞ്ഞതിനുശേഷം ശോഭ സ്വന്തം ചെലവില്‍ ടിവിയും കേബിള്‍ കണക്ഷനും വാങ്ങി നല്കി. കോളനിയില്‍ നേരിട്ടെത്തി ടിവി കുട്ടിയുടെ രക്ഷകര്‍ത്താവിനു കൈമാറി.
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രന്, പഞ്ചായത്ത് അംഗം വെഞ്ഞാറമൂട് സുധീര്‍, മുന്‍ പഞ്ചായത്ത് വൈ.പ്രസിഡന്റ് ആര് അപ്പുക്കുട്ടന്‍പിള്ള, കോണ്‍ഗ്രസ് നേതാക്കളായ രാമകൃഷ്ണന്, ശ്രീലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.