തിരുവനന്തപുരം: അനുമോദനങ്ങളുടേയും ആശംസകളുടേയും നടുവിലാണ് തലസ്ഥാനത്തിന്റെ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രന്. ആര്യ മേയറാകുമെന്ന വാര്‍ത്ത ചാനലുകളില്‍ വന്നതുമുതല്‍ പത്രക്കാരുടേയും ചാനലുകാരുടേയും ആകെ ബഹളമയമാണ് മുടവന്‍മുഗളിലെ ഈ കൊച്ചുവീട്ടില്‍. തിരക്കൊഴിഞ്ഞിട്ട് നേരമില്ലെങ്കിലും എത്തുന്ന എല്ലാവരേയും നിറഞ്ഞ ചിരിയുമായാണ് ആര്യ സ്വീകരിക്കുന്നത്.
ആര്യയെ മേയറാക്കാനുള്ള സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ബഹുമതി ഈ ബിരുദ വിദ്യാര്‍ഥി സ്വന്തമാക്കുന്നത്. എന്തായാലും പാര്‍ട്ടി ഏല്‍പ്പിച്ച ഭാരിച്ച ഉത്തരവാദിത്വത്തിന്റെ ടെന്‍ഷനൊന്നും ആ മുഖത്തില്ല.
21കാരി മേയറാകുന്നതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകാളാണ് ഉയരുന്നത്. എന്നാല്‍ അതിനൊന്നും തന്നെ ബാധിക്കുന്നില്ല എന്നതാണ് ആര്യയുടെ നിലപാട്. അത്തരം വിമര്‍ശന പോസ്റ്റുകള്‍ക്ക് ആര്യയുടെ മറുപടി ഇങ്ങനെ,
പക്വത തീരുമാനിക്കേണ്ടത് പ്രായം കൊണ്ടല്ല. ബാലസംഘത്തില്‍ നിന്നുകൊണ്ട് നടത്തിയിട്ടുള്ള സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് തനിക്ക് പ്രായത്തിനപ്പുറത്തേക്ക് പക്വത ആര്‍ജ്ജിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാര്‍ട്ടി പറഞ്ഞാണ്. പാര്‍ട്ടിയെ അംഗീകരിക്കാന്‍ പഠിക്കുക എന്നുപറഞ്ഞാണ് അച്ഛന് വളര്‍ത്തിയിട്ടുള്ളത്. വ്യക്തി എന്നതിനപ്പുറം പാര്‍ട്ടിക്കാണ് പ്രാധാന്യം. ഓര്‍മ്മ വച്ച കാലം മുതല്‍ അച്ഛനും അമ്മയും പാര്‍ട്ടി അംഗങ്ങളാണ്. സംഘടനാപരമായ കാര്യങ്ങളില്‍ അച്ഛനും അമ്മയും പറഞ്ഞതുപോലും കേട്ടിട്ടില്ല. പാര്‍ട്ടി പറയുന്നതിനപ്പുറത്തേക്ക് ഇതുവരെ ഒരു കാര്യവും തീരുമാനിക്കേണ്ടി വന്നിട്ടില്ല. ഇനിയും അങ്ങനെ ആയിരിക്കുമെന്നും ആര്യ പറഞ്ഞു.
ഈ പ്രതിസന്ധികാലത്ത് നമ്മെയെല്ലാം ഒരുമിച്ച് നിറുത്തി, ക്രൈസിസ് മാനേജ്മെന്റ് എന്ന രീതിയില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രി പിണറായി വജയന് അടക്കമുള്ളവര്‍ റോള്‍ മോഡലുകളാണെന്നും വാര്‍ഡിലെ കാര്യവും പഠനവും ഒരുമിച്ച് കൊണ്ടു പോകും. സഹപാഠികളും അധ്യാപകരും സഹായിക്കുന്നുണ്ട്. എംബിഎ എടുക്കണമെന്നാണ് ആഗ്രഹം. രാഷ്ട്രീയത്തിനു വേണ്ടി പഠനമോ, പഠനത്തിനു വേണ്ടി രാഷ്ട്രീയമോ ഉപേക്ഷിക്കില്ല. തലസ്ഥാനത്ത് വലിയ വികസന പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും ആര്യ പറഞ്ഞു.
രാജ്യത്ത് തന്നെ മേയറാകുന്ന ഏറ്റവും പ്രായം വ്യക്തിയാണ് ആര്യ. മുടവന്മുകള് കൗണ്‍സിലറായ ആര്യ, ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന ഭാരവാഹിയുമായ ആര്യ ഓള് സെയിന്റ്സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിനിയായാണ്. ഇലക്ട്രീഷ്യനായ അച്ഛന്റെ പാത പിന്തുടര്ന്നാണ് ആര്യ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ചുവടുവെയ്ക്കുന്നത്.