വിഴിഞ്ഞം: തൊഴിലുറപ്പ് ജോലിക്കിടെ നടപ്പാലം തകര്‍ന്നു വീണു ആറു സ്ത്രീകള്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. കോട്ടുകാല്‍ പുന്നക്കുളത്ത് ബണ്ട് റോഡില്‍ ചെറിയ തോടിന്റെ നവീകരണ ജോലിക്കിടെ ഇന്നലെ രാവിലെ ആണ് സംഭവം.
നടപ്പാലം രണ്ടായി പിളര്‍ന്ന് തൊഴിലാളി സ്ത്രീകള്‍ക്കു മേല്‍ വീഴുകയായിരുന്നു. ഏതാനും സ്ത്രീകള്‍ സ്ലാബിന് അടിയില്‍പ്പെട്ടു. സാരമായി പരുക്കേറ്റ പുന്നക്കുളം ചീനിവിളയില്‍ ഷീജ(41), പുന്നക്കുളം സായൂജ്യത്തില്‍ ഷിബി(43) , മലമേല്‍ക്കുന്ന് ഗവ ആശുപത്രിക്കു സമീപം ശ്രീദേവി(51), കീഴേ ആറുകാല്‍ ലക്ഷ്മീസദനത്തില് സിന്ധുമോള്‍(41) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വളവ്നട ശരണ്യാ നിവാസില്‍ ശശികല(47), മലമേല്ക്കുന്നിന് സമീപം ശാന്ത(59) എന്നിവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ ഷീജയുടെയും ഷിബിയുടെയും പരുക്ക്് ഗുരുതരമാണ്.
30 തൊളം തൊഴിലുറപ്പു തൊഴിലാളികളാണ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. കുറച്ചു പേര് നടപ്പാലത്തിനു മുകളിലും മറ്റു ചിലര്‍ തോടിലും ആയിരുന്നു. പെട്ടെന്നാണ് പാലം തകര്‍ന്നു താഴേക്കു പതിച്ചത്. വലിയ സ്ലാബ് രണ്ടായി മുറിഞ്ഞാണ് താഴേക്കു പതിച്ചത്.
നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നീട് വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്സും പോലീസും എത്തി. എം വിന്‍സന്റ് എംഎഎല്‍എ, ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പുന്നക്കുളം ബിനു എന്നിവര്‍ സ്ഥലത്ത് എത്തി. മാലിന്യങ്ങള്‍ നീക്കി ചെറിയ തോട്ടിലെ ഒഴുക്കു വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ച് ആണ് നവീകരണം തുടങ്ങിയത്.
പരുക്കേറ്റ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ അനുവദിച്ചതായി കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എഒ അജു അറിയിച്ചു.