ബാലരാമപുരം: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെ ചുവരെഴുതുന്നത് ഇപ്പോള്‍ പുത്തരിയല്ല. എന്നാല്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചുവരെഴുത്തും വോട്ട് ചോദിക്കലും മാത്രമല്ല ജയിച്ചുവരുമ്പോല് ചെണ്ടകൊട്ടി ആഘോഷിക്കാനും വേറെ ആളെ വിളിക്കേണ്ട ആവശ്യമില്ല. ഇവിടത്തെ സ്ഥാനാര്‍ത്ഥി ചെണ്ടയും കൊട്ടും.
ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡ് ചാമവിളയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയാണ് എസ് സന്തോഷ്. ബാലരാമപുരം ഐത്തിയൂര്‍ കരയ്ക്കാട്ടുവിള അശ്വതി ഭവനില്‍ സന്തോഷ് ചെണ്ടകൊട്ടിയാണ് ജീവിതം പുലര്‍ത്തിയിരുന്നത്. പ്രീഡിഗ്രി പഠനത്തിനു ശേഷം പാറശാല രാജന് ആശാനു കീഴില്‍ 5 വര്‍ഷം ചെണ്ട അഭ്യസിച്ചു.
തുടര്‍ന്ന് ഉത്സവ വേദികളിലും മറ്റും ചെണ്ടകൊട്ടി ഉപജീവനം നടത്തുന്നതിനിടെയാണ് കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ തൊഴില്‍ ഇല്ലാതായ സന്തോഷ് പാലക്കാട്ട് ഒരു സന്നദ്ധ സംഘടനയ്ക്കു കീഴില്‍ 3 മാസം പണിയെടുത്തു. അതിനിടെയാണ് തെരഞ്ഞെടുപ്പെത്തിയതും സ്ഥാനാര്‍ത്ഥി കുപ്പായം അണിഞ്ഞതും.
സ്ഥാനാര്‍ത്ഥിയായി സന്തോഷിനെ പാര്‍ട്ടി നിശ്ചയിക്കുകയായിരുന്നു. ഇതോടെ വാര്‍ഡില്‍ സജീവമാണ് സന്തോഷ്. കഷ്ടകാലത്തു തന്നെ സഹായിച്ചതാണ് പാര്‍ട്ടിയുടെ നിര്‍ദേശം സ്വീകരിച്ച് സ്ഥാനാര്‍ത്ഥിയാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.