മണ്ണടി: നിലം ഉഴുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഉടമയ്ക്ക് ദാരുണാന്ത്യം. മണ്ണടി താഴം കാര്‍ത്തികയില്‍ മുരളിയുടെ മകന് ദിനേഷ് (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് മണ്ണടി ചെമ്പകശേരി പാടശേഖരത്തിലാണ് സംഭവം.
ദിനേഷ് ആണ് ട്രാക്ടര്‍ ഓടിച്ചിരുന്നത്. നിലം ഉഴുതുന്നതിനിടെ ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞ് ട്രാക്ടര്‍ നിന്നുപോയി. വീണ്ടും സ്റ്റാര്‍ട്ടാക്കി ചെളിയില്‍ നിന്ന് കയറ്റാനായി ശ്രമിക്കുമ്പോള്‍ ഒരു ഭാഗം ഉയര്‍ന്ന് മറിയുകയായിരുന്നു. സീറ്റില്‍ നിന്നു തെറിച്ചുവീണ ദിനേഷിന്റെ ദേഹത്തേക്കാണ് ട്രാക്ടര്‍ വീണത്.
അപകടം അറിഞ്ഞെത്തിയ യുവാക്കള്‍ അര മണിക്കൂര്‍ ശ്രമിച്ച് ട്രാക്ടര്‍ ഉയര്‍ത്തിയാണ് ദിനേഷിനെ പുറത്തെടുത്തത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ദുബായില്‍ എസി മെക്കാനിക്ക് ആയിരുന്ന ദിനേഷ് ലോക്ഡൗണിനെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒരു മാസം മുന്‍പാണ് സ്വയംതൊഴില്‍ സംരംഭം എന്ന നിലയില്‍ പുതിയ ട്രാക്ടര്‍ വാങ്ങിയത്. ഭാര്യ: ഇന്ദു (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, പത്തനംതിട്ട).