അടൂര്‍: വാഹനം കൈയില്‍ കിട്ടിയാല്‍ എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തേണ്ട പരക്കംപാച്ചിലിലാണ് റോഡിലെ ഒട്ടുമിക്ക വാഹനങ്ങളും. ഈ അമിത വേഗത കാരണം റോഡില്‍ പൊലിഞ്ഞുവീഴുന്നത് നിരവധി ജീവനുകളാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വണ്ടിയോടിക്കുന്ന ഒരു ഡ്രൈവര്‍ ഉണ്ട് ആടൂരില്‍. 42 വര്‍ഷമായി ഒരു അപകടവും ഉണ്ടാക്കാതെ യാത്രക്കാര്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുന്ന ഒരു 65കാരന് ബസ് ഡ്രൈവര്‍.
അടൂര്‍-പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ജാസ്മിന് ബസിലെ ഡ്രൈവറായ സിആര്‍ വിശ്വനാഥനാണ് ആ ഡ്രൈവര്‍. പത്തനംതിട്ട കുമ്പഴ സ്വദേശിയായ ഇദ്ദേഹം ഓടിക്കുന്ന ബസ് മൂലം ഒരാള്‍ക്കും ഒരുഅപകടവും ഇതുവരെ സംഭവിച്ചിട്ടില്ല. അമിതവേഗമോ മറ്റു ബസുമായി മത്സരത്തിനോ വിശ്വനാഥന് മുതിരാറുമില്ല. എന്നാല്‍ എത്തേണ്ട സമയത്ത് യഥാസ്ഥലത്ത് ബസ് എത്തുകയും ചെയ്യും.
വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, മറ്റു സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്കെല്ലാം വിശ്വനാഥന് ഏറെ പ്രിയങ്കരനാണ്. യാത്രക്കാരോടുള്ള പെരുമാറ്റമാണ് വിശ്വനാഥനെ ഇവര്‍ക്കിടയില്‍ ഇത്രയധികം പ്രിയങ്കരനാക്കിയത്. 42 വര്‍ഷമായി ഇദ്ദേഹം ജാസ്മിന് ബസിലെ ഡ്രൈവറാണ്. ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തന്റെ ബസിലെ പ്രധാന സാരഥിയായ ജീവനക്കാരനില്‍ അഭിമാനിക്കുകയാണ് ബസുടമ ഹാജി എം മീരാസാഹിബ്.
കഴിഞ്ഞ ദിവസം മോട്ടോര്‍വാഹന വകുപ്പ് അടൂര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വിശ്വനാഥനെ ആദരിച്ചിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനു ജോണ്‍, അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ് ശ്രീലാല്‍, ആര് രഞ്ജു എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. നല്ല പെരുമാറ്റവും സുരക്ഷിതമായ ഡ്രൈവിങ്ങും മുന്‍നിര്‍ത്തിയാണ് ആദരവ് നല്‍കിയത്.