അടൂര്‍: പാഠഭാഗങ്ങള്‍ പഠിക്കാത്തതിന് എട്ടു വയസ്സുകാരന്റെ കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിനെ റിമാന്‍ഡ് ചെയ്തു. പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ കിഴക്കേതില്‍ ശ്രീകുമാറിനെ (31) ആണ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ജനുവരി 30ന് ആണ് കേസിന് ആസ്പദമായ സംഭവം. മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന് പാഠഭാഗങ്ങള്‍ പഠിച്ചില്ലെന്ന് കുറ്റപ്പെടുത്തി ശ്രീകുമാര്‍ കുട്ടിയുടെ കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയായിരുന്നു.
തോട്ടമുക്കിലുള്ള ഹോട്ടലിലാണ് കുട്ടിയുടെ അമ്മ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം ഇവിടെയെത്തിയ കുട്ടിയുടെ കാല് പൊള്ളിയിരിക്കുന്നത് കണ്ട് അവിടെയുള്ളവര്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പിന്നീട് നാട്ടുകാര്‍ പഞ്ചായത്ത് അംഗം വി വിനേഷ് വഴി പോലീസിനെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വിവരമറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് കുട്ടി. ശ്രീകുമാര്‍ മുന്‍പും പലതവണ കുട്ടിയെ പൊള്ളലേല്പ്പിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.