വിളയൂര്‍: തൂതപ്പുഴയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടികള്‍ക്കു രക്ഷകരായി മീന്‍പിടിത്തക്കാര്‍. വളപുരം പാലോളി റഷീദും വിളയൂര്‍ കണ്ടേങ്കാവ് സാബിറുമാണ് മൂര്‍ക്കനാട് വടക്കുംപുറം നിലപറമ്പ് കടവില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.
കടവില്‍ വീട്ടുകാരുടെ കൂടെ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണു കടവിലെ ആഴിയിലേക്കു മുങ്ങിത്താഴ്ന്നത്. മീന്‍പിടിത്തക്കാരായ റഷീദും സാബിറും കുപ്പൂത്ത് ഭാഗത്തേക്കു പോകുന്നതിനിടെയാണു പുഴയുടെ അക്കരെനിന്നു സ്ത്രീകളുടെ നിലവിളി കേട്ടത്.
ആദ്യം കുട്ടികള്‍ കളിക്കുകയാണെന്നു കരുതി ശ്രദ്ധിച്ചില്ല. എന്നാല്‍ നിലവിളി ശക്തമായപ്പോള്‍ ഇരുവരും പുഴയിലേക്കു ചാടി വടക്കുംപുറം കടവിലേക്കു നീന്തിയെത്തി. ഇതിനകം കുട്ടികള്‍ മുങ്ങിത്താണിരുന്നുവെങ്കിലും രക്ഷപ്പെടുത്താനായി. മീന്‍പിടിക്കാന്‍ സ്ഥിരമായി പുഴയിലിറങ്ങുന്നവരാണ് ഇരുവരും.
മക്കളുടെ ജീവന് രക്ഷപ്പെടുത്തിയ യുവാക്കളെ കുട്ടികളുടെ കുടുംബാംഗങ്ങള്‍ അനുമോദിച്ചു. സമൂഹ മാധ്യമങ്ങളിലും യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹമാണ്. അതേസമയം, റമസാന്‍ മാസത്തില്‍ പുണ്യകര്‍മം ചെയ്യാനായതിന്റെ സന്തോഷത്തിലാണെന്ന് റഷീദും സാബിറും.