ചെര്‍പ്പുളശ്ശേരി: രോഗികളില്‍ നിന്ന് കണക്കുപറഞ്ഞ് കാശ് വാങ്ങുന്ന ഡോക്ടര്‍മാരുള്ള ഇക്കാലത്ത് സൗജന്യമായി ചികിത്സയും മരുന്നും നല്കുന്ന ഒരു ഡോക്ടര്‍ ഉണ്ട് ചെറുപ്പുളശേരിയില്‍. പാവപ്പെട്ടവരില്‍ നിന്നു ഫീസ് വാങ്ങാതെ, നിര്‍ധനരായ രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യം നല്കുന്ന ചെര്‍പ്പുളശ്ശേരി നിവാസികളുടെ ജനകീയ ഡോക്ടര്‍ കെപി ശാന്തകുമാര്‍. ഇദ്ദേഹം ആതുര സേവനരംഗത്ത് ഇന്നേയ്ക്ക് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്.
1970ല്‍ പഠനം പൂര്‍ത്തിയാക്കി ഏതാണ്ട് ഒരു വര്‍ഷത്തിനകം തന്നെ ആതുരസേവനം ആരംഭിക്കുകയായിരുന്ന ഡോക്ടര്‍ കെപി ശാന്തകുമാറിന്റെ ചികിത്സ ലഭിക്കാത്തവര്‍ ചെര്‍പ്പുളശ്ശേരിയില്‍ വിരളമാണ്.
ആരില്‍ നിന്നും കണക്ക് പറഞ്ഞ് ഫീസ് വാങ്ങിക്കാതെയും പാവപ്പെട്ടവരില്‍ നിന്നു ഫീസ് വാങ്ങാതെയുമുള്ള പരിചരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടു കാലം നിര്‍വഹിച്ചുപോന്നത്. നിര്‍ധനരായ രോഗികള്‍ക്ക് ക്ലിനിക്കിലുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. ഹൃദ്യവും സൗമ്യവുമായ പെരുമാറ്റമാണ് ഡോക്ടറെ ജനപ്രിയനാക്കിയത്.
ചെര്‍പ്പുളശ്ശേരിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും പാലക്കാട് വിക്ടോറിയ കോളജില്‍ നിന്ന് ബിഎസ്സി ബിരുദവും പൂര്‍ത്തിയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എട്ടാമത്തെ ബാച്ചില്‍ എംബിബിഎസിന് ചേര്‍ന്നത് 1964ല്‍. 1971 ജനുവരി 30നാണ് ഇദ്ദേഹം ഡോക്ടര്‍ ആയി ‘പ്രാക്ടീസ്’ തുടങ്ങുന്നത്. അന്ന് ഡോക്ടറുടെ പ്രായം 25. ചെര്‍പ്പുളശ്ശേരിയിലെ തന്നെ ശ്രീനിലയം പിജി മേനോന്റെ (സിലോണ്‍) ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായി പ്രാക്ടീസ്. 1996ല്‍ ഇവിടെ തന്നെയുള്ള സ്ഥലം വാങ്ങി ‘ചെര്‍പ്പുളശ്ശേരി ക്ലിനിക്’ എന്ന സ്ഥാപനം തുടങ്ങി.
ഇന്ന് ഡോക്ടര്‍ക്ക് പ്രായം 75. ചെര്‍പ്പുളശ്ശേരിയില്‍ തുടര്‍ച്ചയായുള്ള ആതുരസേവന രംഗം തുടങ്ങിയിട്ട് ഇന്ന് 50 വര്‍ഷം തികയുകയാണ്. സാമൂഹികമോ സാമ്പത്തികമോ ആയ വേര്‍തിരിവുകള്‍ പരിഗണിക്കാതെ ചെര്‍പ്പുളശ്ശേരി ഭാഗങ്ങളിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും നേരിട്ട് മനസ്സിലാക്കുകയും അവര്‍ക്കു വേണ്ടി തന്റെ കര്‍മരംഗം ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്നതാണ് ശാന്തകുമാര്‍ ഡോക്ടറിനെ വ്യത്യസ്തനാക്കുന്നത്.
വാഹനസൗകര്യം പോലുമില്ലാത്ത ആദ്യ 15 വര്‍ഷക്കാലം വീടുകളില്‍ പോയി ഡോക്ടര്‍ രോഗികളെ ചികിത്സിച്ചിരുന്നു. പ്രസവത്തിനു പോലും ഏതു പാതിരാത്രിയിലാണെങ്കിലും സമീപിക്കാവുന്ന ഡോക്ടറായിരുന്നു ശാന്തകുമാര്‍. ഡോക്ടറുടെ ചികിത്സാസേവനം കൈപ്പറ്റാത്തവരായി ചെര്‍പ്പുളശ്ശേരി, നെല്ലായ, വെള്ളിനേഴി, ചളവറ, തൃക്കടീരി, അനങ്ങനടി, വല്ലപ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലെ ആരെയങ്കിലും കണ്ടെത്തുക പ്രയാസമാണ്.
ഡോക്ടറായി സേവനം തുടങ്ങിയ ആദ്യഘട്ടത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ ശാന്തകുമാറിനെ കൂടാതെ ഗവ.ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ആയ ഡോ. വി വേണുഗോപാല്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡോ.വി വേണുഗോപാലിന്റെ അസാന്നിധ്യത്തില്‍ താന്‍ ആണ് അദ്ദേഹം നിര്‍ദേശിക്കുന്ന രോഗികളെ വീട്ടില്‍ ചെന്ന് ചികിത്സിച്ചിരുന്നതെന്നും ഡോ.ശാന്തകുമാര്‍ പറഞ്ഞു.
ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്കൂളിനു സമീപം പ്രഭാ നിലയത്തിലാണു താമസം. ഗീതാദേവിയാണു ഭാര്യ. മകള്‍ സന്ധ്യ ഒറ്റപ്പാലം ഐ കെയര്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. മകന് സന്ദീപ് മുംബൈയിലെ സ്വകാര്യ കമ്പനിയില്‍ ഐടി പ്രഫഷനലാണ്.