ചിറ്റൂര്‍: നിയന്ത്രണങ്ങളില്ലാതെ ചുറ്റിക്കറങ്ങാന്‍ പുതിയ പദ്ധതിയാവിഷ്കരിച്ച് ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍. പക്ഷെ ഒടുവില്‍ പോലീസിന്റെ വലയില്‍ വീണു. കാറില്‍ പോലീസ് എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ച് കറങ്ങിയ കോളജ് വിദ്യാര്‍ഥികളായ 4 യുവാക്കളാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്.
കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവാക്കളാണ് അറസ്റ്റിലായത്. ഇന്നലെ സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാനെത്തി തിരിച്ചു പോകുന്നതിനിടെ പോലീസിന്റെ സ്റ്റിക്കര്‍ കണ്ട് നാട്ടുകാരില്‍ ചിലരാണ് ചിറ്റൂര്‍ പോലീസിനെ വിവരമറിയിച്ചത്.
കാര്‍ നമ്പര്‍ പരിശോധിച്ച് പോലീസ് ഉടമസ്ഥനെ ബന്ധപ്പെട്ടു. ഈ സമയം ഗോപാലപുരത്തെത്തിയ യുവാക്കള്‍ ചിറ്റൂര്‍ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി. ചോദ്യം ചെയ്യലില്‍ ലോക്ഡൗണ്‍ സമയത്ത് സമാന രീതിയില്‍ യുവാക്കള്‍ കാറില്‍ കറങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. യുവാക്കള്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
അതേസമയം, കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസില്‍ രണ്ട് യുവാക്കളും അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. നടി പ്രതികള്‍ക്ക് മാപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പോലീസ് പ്രതികരിച്ചു.
നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴിയാണ് പ്രതികളായ ഇര്‍ഷാദിനോടും അതിലിനോടും ക്ഷമിച്ചതായി നടി കുറിച്ചത്. പരാതിയില്ലെങ്കിലും കൃത്യമായി ഇടപെട്ട പോലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറഞ്ഞു.