തേഞ്ഞിപ്പലം: ഇതാണ് ജനസേവനം, ഇങ്ങനെയാവണം ജനപ്രതിനിധി. അത്യവശ്യമായ സൗകര്യങ്ങള്‍ പോലും ചെയ്തുകൊടുക്കാതെ പലരും പേടിച്ച് കൊവിഡ് രോഗികളെ അകറ്റി നിര്‍ത്തുമ്പോള്‍ ഇവിടെ മാതൃയാകുകാണ് തേഞ്ഞിപ്പലം പഞ്ചായത്തംഗം ഹലീമ സംഷീര്‍.
പിപിഇ കിറ്റ് ധരിച്ച് ബൈക്കിലെത്തി തന്റെ വാര്‍ഡിലെ കൊവിഡ് രോഗികളെ നേരിട്ട് കണ്ട് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ഓക്സിജന്‍ അളവ് പരിശോധിക്കുന്ന ഹലീമ സംഷീര്‍ രോഗികള്‍ക്ക് ആശ്വാസമായി മാറുകയാണ്. തേഞ്ഞിപ്പലം പഞ്ചായത്ത് നാലാം വാര്‍ഡ് സിപിഎം അംഗമായ ഹലീമ തന്റെ വാര്‍ഡിലെ 23 കൊവിഡ് രോഗികളെയും ഒരുപോലെ ശിശ്രൂഷിക്കുകയാണ്.
പലരും കൊവിഡ് രോഗികളെ കാണാന്‍ പോലും വിസമ്മതിക്കുമ്പോഴാണ് ഹലീമയുടെ ധൈര്യപൂര്‍വമുള്ള സേവന സന്നദ്ധത. ഓക്സിജന്‍ അളവ് കുറവുള്ള രോഗികളെ പരിശോധനയിലൂടെ കണ്ടെത്തി ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ട നടപടികളും ഹലീമ സ്വീകരിക്കുന്നുണ്ട്.