മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മലപ്പുറത്തിന് ഊര്‍ജം പകരാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ എത്തും. ആദ്യഘട്ട പ്രചാരണത്തിന് ആവേശം പകരാനാണ് രാഹുല്‍ ഗാന്ധി നാളെ ജില്ലയിലെത്തുന്നത്.
വൈകിട്ട് 4 മണിക്ക് പട്ടാമ്പിയില്‍ നിന്നു ഹെലികോപ്റ്റര്‍ മാര്‍ഗം പൊന്നാനിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി 4.15ന് അവിടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് 5.30ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന പരിപാടിയിലും പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് ആര്യാടന് ഷൗക്കത്ത് അറിയിച്ചു.
അതേസമയം, കഴിഞ്ഞദിവസം കൊച്ചിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ത്ഥിനികളുമായി രാഹുല്‍ഗാന്ധി സംവദിച്ചിരുന്നു. അന്നേദിവസം സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും രാഹുല്‍ നിലപാടു വ്യക്തമാക്കിയിരുന്നു.
ഒരു വ്യക്തി മാത്രം ശാക്തീകരിക്കപ്പെടുന്നതിലല്ല കാര്യം, സമൂഹം മൊത്തമായി ശാക്തീകരിക്കപ്പെടുമ്പോഴേ ശാക്തീകരണം എന്ന വാക്കിന് അര്‍ഥമുള്ളൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരാള്‍ അറിവുണ്ടെന്നു കരുതി മുന്നോട്ടു പോകുന്നതില്‍ കാര്യമില്ല. പകരം പ്രായോഗിക തലത്തില്‍ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാനം. വിനയമുണ്ടാകുക ഏറ്റവും പ്രധാനപ്പെട്ടതാണ്. വിനയത്തില്നിന്നാണ് ശാക്തീകരണമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.