പെരിന്തല്‍മണ്ണ: മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ വിവാദമാകുന്നു. ഇഎംഎസ് സ്മാരക സമുച്ചയം ഉദ്ഘാടനത്തിനായി ഏലംകുളത്ത് മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പായി മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളാണ് ഇപ്പോള്‍ വിവാദത്തിന് തിരി തെളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രത്തിന് താഴെ ‘വികസന നായകന് സ്വാഗതം’ എന്ന വാക്യം എഴുതിയതാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററില്‍. അതേസമയം, വ്യാജ പോസ്റ്ററുകള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
വ്യാജ പോസ്റ്ററുമായി തെരഞ്ഞെടുപ്പു പരാജയ ഭീതിയില്‍ യുഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള കുതന്ത്രം വിലപ്പോകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ ഹാരിസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി, ഏലംകുളം മണ്ഡലം പ്രസിഡന്റ് നാസര്‍ ചീലത്ത് എന്നിവര്‍ അറിയിച്ചു.