പൊന്നാനി: ഇനി മഴ വരുമ്പോള്‍ പേടിക്കണ്ട..! ചോര്‍ന്നൊലിക്കാത്ത, അടച്ചുറപ്പുള്ള സ്വപ്നഭവനം റിഹാനയ്ക്ക് സ്വന്തമായി. കെപിഎസ്ടിഎ അധ്യാപക കൂട്ടായ്മയുടെ സഹായത്തോടെയാണ് ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിഞ്ഞിരുന്ന റിഹാനയ്ക്ക് സ്വപ്നഭവനം ഉയര്‍ന്നു പൊങ്ങിയത്.
പൊന്നാനി കറുകത്തിരുത്തി എഎംഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിഹാനയുടെ ദുരിതജീവിതം നേരില്‍ക്കണ്ടാണ് കെപിഎസ്ടിഎ പൊന്നാനി ഉപജില്ലാ കമ്മിറ്റി റിഹാനയ്ക്ക് വീടൊരുക്കാന്‍ മുന്നിട്ടിറങ്ങിയത്.
നിലംപൊത്താറായ ഓലവീടിന്റെ ഒരു ഭാഗം തകര്‍ന്ന് മഴവെള്ളം നേരിട്ട് വീടിനകത്ത് പതിക്കുന്ന അവസ്ഥയായിരുന്നു. കഷ്ടപ്പാടിലും വല്യുമ്മ കൂട്ടിനുണ്ടായിരുന്നെങ്കിലും ദുരിതജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി അവരും യാത്രയായി. ഇപ്പോള്‍ ഉമ്മ മാത്രമാണ് കൂടെയുള്ളത്.
കെപിഎസ്ടിഎയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ‘ഗാന്ധിഗൃഹം’ എന്നു പേരിട്ട വീടിന്റെ താക്കോല്‍ദാനം 10നു രാവിലെ 10 മണിക്ക് ടിഎന്‍ പ്രതാപന് എംപി, കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് വികെ അജിത് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.