മലപ്പുറം: അഗ്നി രക്ഷാസേനയുടെ ദീര്‍ഘനേരത്തെ പരിശ്രമം ഫലം കണ്ടു. ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി. മമ്പാട് ഒടായിക്കല്‍ കരിക്കാട്ടുമണ്ണ ഭാഗത്താണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് സംഭവം.
മമ്പാട് പഞ്ചായത്തിലെ കരിക്കാട്ടുമണ്ണ പാക്കുളത്ത് ഷാജിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വയസ് പ്രായമുള്ള പോത്താണ് കിണറ്റില്‍ ചാടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോത്തിനെ രക്ഷപെടുത്തി കരക്കെത്തിക്കുകയായിരുന്നു.
ഫയര്‍ റെസ്ക്യൂ ഓഫീസര്‍മാരായ വി സലീം, ടികെ നിഷാന്ത്, സിവില്‍ ഡിഫന്‍സ് അംഗം കെ അബ്ദ്ദുല്‍ മജീദ് എന്നിവര്‍ 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങി റോപ്പ്, ബെല്‍റ്റ്, ലാഡര്‍ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെയും സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെയും സഹായത്തോടെയാണ് പോത്തിനെ പുറത്തെത്തിച്ചത്. അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ ദീര്‍ഘനേരത്തെ പരിശ്രമത്തിന് ശേഷമാണ് രാത്രിയില്‍ പോത്തിനെ കരക്കെത്തിച്ചത്.
നിലമ്പൂര്‍ അഗ്നി രക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ഒകെ അശോകന്, സീനിയര്‍ ഫയര്‍& റെസ്ക്യൂ ഓഫീസര്‍ എല്‍ ഗോപാലകൃഷ്ണന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഇഎം ഷിന്റു, സി വിനോദ്, എ ശ്രീരാജ് , എം നിസാമുദ്ധീന്‍, കെപി അമീറുദീന്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷഹബാന് മമ്പാട്, ബിബിന്‍ പോള്‍, കെ അബ്ദുള്‍ മജീദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.