പോരൂര്‍: നിലവിളികേട്ട് ഓടിയെത്തിയത് തുണയായി, കുളത്തില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടരവയസ്സുകാരനെ രക്ഷപ്പെടുത്തി യുവാവ്. ചാത്തങ്ങോട്ടുപുറം എരഞ്ഞിക്കുന്ന് ജുമാമസ്ജിദിനു സമീപം കരുമാരോട്ടില്‍ അബ്ദുല്‍ഹമീദിന്റെ മകന് അഫ്ഷിന് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കുളത്തില്‍ വീണത്.
കൂടെയുണ്ടായിരുന്ന കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികേട്ട് ഓടിയെത്തിയ തെക്കന്‍ ജുനൈദ് (30) ആണ് മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തിയത്. പോരൂര്‍ സര്‍വീസ് സഹകരണബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനും ഡിവൈഎഫ്ഐ വണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റി ട്രഷററുമാണു ജുനൈദ്.
കരയ്ക്കെത്തിച്ച് ഉടന്‍തന്നെ കുട്ടിയുടെ വയറില്‍ അമര്‍ത്തി വെള്ളം പുറത്തു കളയുകയും കൃത്രിമ ശ്വാസം നല്‍കുകയും ചെയ്തു. മാത്രമല്ല, തന്റെ ബൈക്കില്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. കുട്ടി ഇപ്പോള്‍ അപകടഘട്ടം തരണം ചെയ്തു.