മഞ്ചേരി: കൊവിഡിനൊപ്പം മലയാളികളുടെ യാത്രാ ശീലങ്ങളും മാറുകയാണ്. ആ മാറ്റത്തിനൊപ്പം നില്‍ക്കുകയാണ് മഞ്ചേരിയിലെ നഫര്‍ സ്റ്റാര്‍ ബസും. ഈ ബസില്‍ മുതലാളിയും ഡ്രൈവറും ക്ലീനറും കണ്ടക്ടറും ഒരാള്‍ തന്നെയാണ്.
മഞ്ചേരി എളങ്കൂര്‍, വണ്ടൂര്‍ വാണിയമ്പലം വഴി ഏമങ്ങാട് റൂട്ടിലാണ് ഈ സ്പെഷ്യല്‍ ബസ് സര്‍വ്വീസ് നടത്തുന്നത്. വണ്ടൂര്‍ സ്വദേശി പി ഇസ്ഹാഖ് എന്ന ഇസ്ഹാഖ് ഭായ് യാത്രക്കാര്‍ കയറിയാല്‍ ആദ്യം കണ്ടക്ടര്‍ കുപ്പായമിടും. പിന്നീട് ഡ്രൈവിങ് സീറ്റിലെത്തും ബസ് ഓടിക്കാന്‍.
വഴിക്ക് കയറുന്ന യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് ഇടേണ്ടത് ബക്കറ്റില്‍ ആണ്. ചില്ലറ ഇല്ലെങ്കില്‍ ബക്കറ്റില്‍ നിന്ന് എടുക്കാം. ‘ ഫോര്‍ ഇന്‍ വണ്‍ ബസ്’ ആണെന്ന് അറിഞ്ഞുകൊണ്ട് കയറുന്നവര്‍ മിക്കവരും ചില്ലറ ആയാണ് കയറുന്നതെന്ന് ഇസ്ഹാഖ് പറയുന്നു.
കൊവിഡിനൊപ്പം യാത്രാ ശീലങ്ങള്‍ മാറിയതോടെ ആണ് ബസില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍, മുതലാളി എല്ലാം ഒരാള്‍ മാത്രമായി നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് സെല്‍ഫ് സര്‍വീസ് ബസ് യാത്ര ജനകീയമായത്. ബസിന്റെ മുന്നിലും പിന്നിലും സാനിറ്റൈസറും കരുതിയിട്ടുണ്ട്.