മലപ്പുറം: നിയമം പാലിച്ചെത്തുന്ന വാഹന യാത്രക്കാര്‍ക്ക് ക്രിസ്മസ് കേക്ക് സമ്മാനം നല്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. മലപ്പുറം തിരൂരങ്ങാടിയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അപ്രതീക്ഷിത ക്രിസ്മസ് സമ്മാന വിതരണം.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങി നിയമം പാലിച്ചെത്തിയ ഡ്രൈവര്‍മാര്‍ക്കും സഹയാത്രികര്ക്കുമാണ് കേക്കുകള്‍ വിതരണം ചെയ്തത്. വകുപ്പിന്റെ അപ്രതീക്ഷിതമായ നീക്കം ജനങ്ങളില്‍ കൗതുകവും ആഹ്ലാദവും ഉണര്‍ത്തി.
ക്രിസ്മസ് പ്രമാണിച്ച്, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ പരിപാടിയില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിരത്തുകള്‍ അപകടരഹിതമാക്കുന്നതിനു വേണ്ടി റോഡ് സുരക്ഷാ സന്ദേശവും നല്കി.
തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ പിഎ ദിനേശ് ബാബുവിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രമോദ് ശങ്കര്‍, എഎം വിഐമാരായ ടിപി സുരേഷ് ബാബു, വികെ സജിന്‍, ഷാജില്‍ കെ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കക്കാട്, പൂക്കിപ്പറമ്പ്, തലപ്പാറ, തുടങ്ങി താലൂക്കിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടി ഒരുക്കിയത്.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മസജ്ജരായ തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടെസ്റ്റിന് എത്തുന്നവര്‍ക്കും വാഹന യാത്രക്കാര്‍ക്കും മാസ്ക്, സാനിറ്റൈസര്‍ എന്നിവ സൗജന്യമായി നല്‍കിയും ഗ്രൗണ്ടുകളിലും ഓണ്‍ലൈന്‍ വഴിയും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ നല്‍കിയും മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.