മലപ്പുറം: വളര്‍ത്തുനായയെ കാറില്‍ കെട്ടി വലിച്ചുകൊണ്ടുപോയ ദാരുണ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണികളോട് കൊടും ക്രൂരത. താനൂര്‍ അഞ്ചുടിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന 35 പ്രാവുകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. അഞ്ചുടി സ്വദേശികളായ ബിലാല്‍, തുഫൈല്‍ എന്നിവര്‍ വളര്‍ത്തുന്ന 35 പ്രാവുകളെയാണ് ക്രൂരമായി കൊന്നൊടുക്കിയത്. ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം.
ബിലാലും തുഫൈലും കഴിഞ്ഞ 2 വര്‍ഷമായി പ്രാവുകളെ വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ തക്കം നോക്കിയാണ് പ്രതികള്‍ മിണ്ടാപ്രാണികളെ കൊന്നൊടുക്കിയത്. രാവിലെ തീറ്റ കൊടുക്കാനായി കൂടിനടുത്ത് എത്തിയപ്പോഴാണ് പ്രാവുകള്‍ ചത്ത് കിടക്കുന്നത് കണ്ടത്.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് താനൂര്‍ പോലീസ് അറിയിച്ചു. വിലകൂടിയ അപൂര്‍വ്വയിനം പ്രാവുകള്വരെയുണ്ട് നഷ്ടമായവയുടെ കൂട്ടത്തില്‍. അഞ്ചുടി സ്വദേശികളായ 2 യുവാക്കളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. പ്രതികള്‍ ഒളിവിലാണെന്നാണ് സൂചന.
അതേസമയം, കൊച്ചിയില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് അറസ്റ്റു ചെയ്തത്.
കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാതതിനാല് നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് സംഭവത്തില്‍ യൂസഫിന്റെ വിശദീകരണം. മോട്ടാര്‍ വാഹന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു. കാര്‍ പിടിച്ചെടുത്തു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കും.