കോഴിക്കോട്: വടകരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി കെകെ രമ നിയമസഭയിലേക്ക്. ഇതോടെ 2008 ല്‍ ഒഞ്ചിയത്തെ സിപിഎം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍എംപിക്കു ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സികെ നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ രമയുടെ ഭൂരിപക്ഷം 7014 ആണ്.
മേയ് 4 നു ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കെകെ രമയുടെ നിയമസഭാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങ്ങാണ് വടകരയില്‍ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. വിജയം രമ ടിപി ചന്ദ്രശേഖരനു സമര്‍പ്പിക്കുന്നു.
തപാല്‍വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ കെകെ രമ മുന്നിലായിരുന്നു. കോഴിക്കോട്ടെ മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികളൊക്കെ കിതച്ചു മുന്നേറിയപ്പോള്‍ രമയുടെ ഭൂരിപക്ഷം എല്ലാ ഘട്ടത്തിലും ഉയര്‍ന്നു നിന്നു. ഇടയ്ക്ക് 2000 ല്‍ നിന്നു ഭൂരിപക്ഷം 450 ലേക്കു കുറഞ്ഞെങ്കിലും അടുത്ത റൗണ്ടുകളില്‍ രമ ഭൂരിപക്ഷം തിരിച്ചു പിടിച്ചു. കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥികളില്‍ അതിവേഗം ഫിനിഷിങ് പോയിന്റില്‍ എത്തിയവരില്‍ ഒരാളും രമയായിരുന്നു.