മുക്കം: സംസ്ഥാനത്തെ രൂക്ഷമായ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് വിവാഹം നടത്തിയ ദമ്പതിമാര്‍ക്ക് പോലീസിന്റെ അഭിനന്ദനപത്രം.
മുക്കം നഗരസഭയിലെ കച്ചേരി വെള്ളങ്ങോട്ട് ചന്ദ്രന്റെ മകന് അമിത് ചന്ദ്രനും പെരുവയല്‍ ഞാറങ്ങല്താഴത്ത് ജിടി സുബ്രഹ്മണ്യന്റെ മകള്‍ ഹര്‍ഷയും തമ്മില്‍ നടന്ന വിവാഹത്തിനാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. റൂറല്‍ എസ്പി യുടെ പ്രശംസാപത്രം മുക്കം എസ്ഐ ജയിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിക്കുകയായിരുന്നു.
ഒരു വര്‍ഷംമുമ്പാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹം നീട്ടിവെക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് തീയതി ഉറപ്പിച്ചിരുന്നത്. എന്നാല്‍, വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ പ്രോട്ടോകോള്‍ പാലിച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെനടന്ന കല്യാണത്തിലേക്ക് അഞ്ഞൂറോളം ആളുകളെയാണ് ഇവര്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍, മഹാമാരി അതിരൂക്ഷമായതോടെ ക്ഷണിച്ചവരെ എല്ലാവരെയും ഫോണില്‍ വിളിച്ച് സാഹചര്യം അറിയിക്കുകയായിരുന്നു.
സ്വന്തം വിവാഹം ഒട്ടേറെയാളുകളെ വിളിച്ചുചേര്‍ത്ത് ആഘോഷമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും എന്നാല്‍, ഈ മഹാമാരികാലത്ത് ഇവര്‍ ചെയ്തത് വലിയ മാതൃകാ പ്രവര്‍ത്തനമാണെന്നും മുക്കം എസ്ഐ ജയിന് പറഞ്ഞു.