നാദാപുരം: ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍. വളയം പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി താനക്കോട്ടൂര്‍ അന്തോളച്ചാലില് ഞാലിയോട്ടുമ്മല്‍ ജാഫര്‍(27) ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്.
ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയും വിവാഹ സമയത്തു നല്കിയ സ്വര്‍ണ്ണാഭരണത്തില്‍ 31 പവന് കൈക്കലാക്കുകയും ചെയ്ത ശേഷം ഗള്‍ഫിലേക്കു പോയ ഭര്‍ത്താവ് തിരികെ നാട്ടിലേക്കു വരുന്നതിനിടയിലാണ് വിമാനത്താവളത്തില്‍ വച്ച് പോലീസിന്റെ പിടിയിലായത്.
ജാഫറിന്റെ ഭാര്യ കോടഞ്ചേരി സ്വദേശിനി ഷിഹാന തസ്നീം(20) മുസ്ലിം വിമന്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ഓണ്‍ മാരേജ് 2019 ആക്ട് പ്രകാരം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസില്‍ ജാഫറിന്റെ മാതാപിതാക്കളും ബന്ധുക്കളും പ്രതികളാണ്.