വടകര: ആരോഗ്യപ്രവര്ത്തകന് ചമഞ്ഞ് വീട്ടിലെത്തി തട്ടിപ്പ്. ഭര്‍ത്താവിനെ കൊവിഡ് കുത്തിവയ്പ് എടുക്കാന്‍ പറഞ്ഞു വിട്ട ശേഷം വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേല്പിച്ച് നാലര പവന് സ്വര്‍ണ്ണ മാല കവര്‍ന്നു. അഴിയൂര്‍ പഞ്ചായത്തിലാണ് സംഭവം.
അഴിയൂര്‍ പഞ്ചായത്തിലെ കല്ലാമലയില്‍ ഭര്‍ത്താവിനെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാനായി വീട്ടില്‍ നിന്നു പറഞ്ഞു വിട്ട് വീട്ടമ്മയെ തലയ്ക്ക് അടിച്ചു പരുക്കേല്പിച്ച് നാലര പവന് സ്വര്‍ണ്ണ മാല കവര്‍ന്നെടുക്കുകയായിരുന്നു. കേസില്‍ പ്രതികളെ കുറിച്ച് വിവരമില്ല. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം പ്രതികളായ 2 പേരുടെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വിട്ടു.
മാര്‍ച്ച് 19 ന് ആണ് കുന്നുമ്മക്കര റോഡ് ദേവീ കൃപയില്‍ സുലഭ (55) യെ തലയ്ക്ക് അടിച്ചു പരുക്കേല്പിച്ച് സ്വര്‍ണമാല കവര്‍ന്നത്. സംഭവം നടന്ന് പിറ്റേ ദിവസം തന്നെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും പ്രതികളില്‍ ഒരാളുടെ രേഖാ ചിത്രം പുറത്തു വിടുകയും ചെയ്തിരുന്നു.
ആരോഗ്യ പ്രവര്ത്തകന് എന്ന വ്യാജേന വീട്ടിലെത്തിയ ആളുടെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്. ചോമ്പാല പോലീസ് ഇന്‍സ്പെക്ടര്‍ ശിവന് ചോടോത്ത്, എസ്ഐ: കെ.വി.ഉമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.