ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്ദേവിനായി മുണ്ടുമടക്കി എസ്എഫ്ഐ. പ്രചാരണത്തിന് മറ്റ് ജില്ലകളില്‍നിന്നുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുമെത്തും.
ബൂത്തടിസ്ഥാനത്തില്‍ മുഴുവന്‍ വീടുകളിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ഥിക്കും. അവസാനഘട്ടത്തില്‍ വിദ്യാര്‍ത്ഥികളെമാത്രം അണിനിരത്തി വലിയ പ്രചാരണറാലി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടത്തും. കലാജാഥ, ഫ്ലാഷ് മോബ്, എന്നിവയും നടത്തും.
വ്യാഴാഴ്ച എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് മുന്‍പ് നടന്ന ബാലുശ്ശേരി മണ്ഡലം വിദ്യാര്‍ഥി കണ്വെന്ഷന് എസ്എഫ്ഐ ജില്ലാസെക്രട്ടറി ടി അതുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ധ്യാന്‍കൃഷ്ണ, ജില്ലാ ജോ സെക്രട്ടറി ബിസി അനുജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എസ്ബി. അക്ഷയ്, ജില്ലാകമ്മിറ്റി അംഗം അഭിഷ, ഏരിയാ സെക്രട്ടറി എവി വിഷ്ണു, എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ബാലുശ്ശേരി നിയോജകമണ്ഡലം കണ്‍വീനറായി എസ്ബി അക്ഷയ്, ജോ. കണ്‍വീനറായി എവി വിഷ്ണു, എന്നിവരെ തെരഞ്ഞെടുത്തു.
അതേസമയം മലപ്പുറം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ഉഷാറാക്കുകയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. റോഡ്ഷോകളും ബൈക്ക് റാലികളും നടത്തി എല്‍ഡിഎഫ് രംഗം കളറാക്കിത്തുടങ്ങി.
പ്രമുഖരുടെ വീടുകളിലെത്തി സ്ഥാനാര്‍ഥികള്‍ വോട്ട് ചോദിച്ചു തുടങ്ങി. വേറിട്ട പിടിവാക്കുകളുമായി സമൂഹമാധ്യമങ്ങളിലും പ്രചാരണം പൊടിപൊടിക്കുന്നുണ്ട്. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കുന്നതിനു മുന്‍പേ കളംപിടിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍