ബാലുശ്ശേരി: കൊവിഡ് സാഹചര്യം മുതലെടുത്ത് പിപിഇ കിറ്റു ധരിച്ചു മോഷണം പെരുകുന്നു. ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഇത്തരത്തില്‍ മോഷണം വര്‍ധിക്കുന്നത്. കച്ചവടസ്ഥാപനങ്ങളാണ് കള്ളന്മാര് ഉന്നംവെയ്ക്കുന്നത്.
കഴിഞ്ഞദിവസം രാത്രി ബാലുശ്ശേരി മുക്കിലെയും അറപ്പിടികയിലെയും കച്ചവടസ്ഥാപനങ്ങളില്‍ മോഷണം നടന്നു. മൂന്നുപേരടങ്ങിയ സംഘമാണ് കടയുടെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണം നടത്തുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. അറപ്പീടികയിലെ ലോക്കപ്പ് എന്ന സ്ഥാപനത്തിലും ബാലുശ്ശേരി മുക്കിലെ സികെ ചിക്കന്‍ എന്ന സ്ഥാപനത്തിലുമാണ് മോഷണം നടന്നത്.
ഒട്ടേറെ മോഷണങ്ങള്‍ നടന്നിട്ടും അന്വേഷണങ്ങള്‍ക്കൊന്നും തുമ്പുണ്ടായിട്ടില്ല എന്നത് കള്ളന്മാര്ക്കും തരമാവുകയാണ്. ഒരു മാസം മുന്‍പ് ബാലുശ്ശേരി മഞ്ഞിലാസ് ജൂവലറിയില്‍നിന്ന് 15 ലക്ഷത്തോളം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടിരുന്നു. ബാലുശ്ശേരി ത്രിവേണി സ്റ്റോറിലും മോഷണം നടക്കുകയുണ്ടായി. പലചരക്ക് കടകളും കുത്തിത്തുറന്നിരുന്നു.
സംസ്ഥാന പാതയോടുചേര്‍ന്നുള്ള ഭാഗത്തെ കടകളിലാണ് മോഷണം നടക്കുന്നത് മുഖംമൂടി ധരിച്ചും പിപിഇ കിറ്റു ധരിച്ചുമാണ് മോഷ്ടാക്കള്‍ കടകളില്‍ മോഷണം നടത്തിയത്. ഓരോ മോഷണങ്ങള്‍ നടക്കുമ്പോഴും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിക്കും. അന്വേഷണവും മുറപോലെ നടക്കുന്നുണ്ട്. എന്നാല്‍, ഒന്നിനുപോലും ഇതേവരെ തുമ്പുണ്ടായിട്ടില്ല.
ബാലുശ്ശേരി ടൗണിലും പരിസരങ്ങളിലും മോഷണം പെരുകുന്നതില്‍ കച്ചവടക്കാര്‍ ഭീതിയിലാണ്. രാത്രികാലങ്ങളില്‍ തെരുവു വിളക്ക് കത്താത്തതും പട്രോളിങ് സംവിധാനം കാര്യക്ഷമമല്ലാത്തതും മോഷണം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.