കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പല മോഷണങ്ങള്‍ക്കു പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നു പോലീസ്. മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് മോഷണത്തിനു പിന്നില്‍ കുട്ടികള്ളന്മാരാണെന്നു പോലീസിന് മനസ്സിലായത്.
എരഞ്ഞിപ്പാലം ഭാഗത്തു പുലര്‍ച്ചെ പട്രോളിങ്ങിനിടെ പോലീസിനെ കണ്ട് ഇരുചക്രവാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എലത്തൂര്‍ ഭാഗത്തുനിന്നു മോഷ്ടിച്ചതാണെന്നു നടക്കാവ് എസ്ഐ എസ്ബി കൈലാസ് നാഥ് പറഞ്ഞു.
ഇവര്‍ മൂന്നംഗ സംഘമാണെന്നാണ് പോലീസ് പറയുന്നത്. എസ്എം സ്ട്രീറ്റിലെ ഓയാസീസ് കോംപ്ലക്സിലെ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് 75000 രൂപ കവര്‍ന്നതും അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള മേഘാപ്ലാസ്റ്റിക്സില് കഴിഞ്ഞ ദിവസം മോഷണം നടത്തിയും ഇവരാണെന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല ഇതിന് പുറമേ ചെറുകുളത്തെ ഗീയാ ഓയില്‍ മില്ലില്‍ നിന്ന് 4500 രൂപ കവര്‍ന്നതും തൊട്ടടുത്ത ചോയിബസാറിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് 2000 രൂപ വിലവരുന്ന ചാര്‍ജറും പവര്‍ബാങ്കും കവര്‍ന്നതും ഈ മൂന്നംഗ സംഘമാണെന്നാണ് പോലീസ് പറയുന്നത്.
ചേവായൂര്‍ പോലീസ് പരിധിയിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. തണ്ണീര്‍ പന്തലിലെ ഹാര്ഡ്വേര് കടയില്‍ നിന്ന് 4500 രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. ഞായറാഴ്ചയും ഇതേസംഘം മോഷണം നടത്തിയതായാണ് സൂചന. വെള്ളിയാഴ്ച പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്ന കണ്ട്രോള് റൂം സംഘമാണ് മൂന്നു കുട്ടികള്‍ ബൈക്കില്‍ വരുന്നതായി കണ്ടത്.
അര്‍ധരാത്രി റോഡില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും പല കുട്ടികളും പുറത്തിറങ്ങുന്നതു രക്ഷിതാക്കളുടെ അറിവോടെയല്ലെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ ഒരു കടയുടെ പൂട്ട് പൊളിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നു കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
നടക്കാവ് സ്റ്റേഷന് പരിധിയിലും ചേവായൂര്‍ സ്റ്റേഷന് പരിധിയിലും മോഷണം നടത്തിയത് പ്രായപൂര്‍ത്തിയാകാത്തവരാണെന്നു പോലീസ് കണ്ടെത്തി. രാത്രി വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന കുട്ടികളെ നിരീക്ഷിക്കാനും പിന്തുടരാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോഷണം നടത്തിയ കുട്ടികള്‍ നഗര പരിധിയില്‍ തന്നെയുള്ളവരാണെന്ന നിഗമനത്തിലാണ് പോലീസ് .