വടകര: കാവില്‍ ഭാഗത്ത് തെരുവുനായ ആക്രമണം രൂക്ഷം. ലോകനാര്‍ക്കാവ്, കാവില്‍ സ്കൂള്‍ ഭാഗത്ത് അഞ്ച് പേരെയാണ് തെരുവുനായ കടിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി തൊട്ടടുത്ത മാക്കൂല്‍ ഭാഗത്ത് 20 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതിനു പിന്നാലെയാണ് കാവില്‍ ഭാഗത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
വീട്ടിലിരിക്കുകയായിരുന്ന അമ്മയും കുഞ്ഞും, മറ്റൊരു വീട്ടിലെ വയോധികന്, തൊഴിലുറപ്പ് തൊഴിലാളി, മെഡിക്കല്‍ റപ്രസന്റേറ്റീവ് എന്നിവര്‍ക്കാണു തെരുവുനായയുടെ കടിയേറ്റത്. ബൈക്കുകള്‍ക്കു പിന്നാലെ നായ്ക്കള്‍ ഓടുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്.
അതേസമയം കടിയേല്‍ക്കുന്നവര്‍ക്കുള്ള ആന്റി റാബീസ് വാക്സിന് ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതു കാരണം കടിയേല്ക്കുന്നവരുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവേണ്ടി വരുന്നതും പ്രശ്നമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മിക്കവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് കുത്തിവെയ്പിന് വേണ്ടി കൊണ്ടു പോയത്. ചിലര്‍ക്ക് ദിവസങ്ങള്‍ ഇടവിട്ട് വീണ്ടും കുത്തിവെയ്പ് വേണ്ടി വരും. ഇതിനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകണം. വടകര ജില്ലാ ആശുപത്രിയില്‍ കുത്തിവയ്പിനുള്ള സൗകര്യം ഒരുക്കണമെന്നാണ് ബിജെപി പഞ്ചായത്ത് സെക്രട്ടറി മനോജ് കൃഷ്ണപുരം ആവശ്യപ്പെട്ടത്.