പൂഞ്ഞാര്‍: വിഷുക്കൈനീട്ടം കിട്ടിയ 1001 രൂപ വാക്സീന് ചാലഞ്ചിലേക്കു നല്കി ഒന്നാം ക്ലാസ്സുകാരിയുടെ കൊച്ചു കരുതല്‍. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിന് തന്റെ കയ്യിലുള്ള പണം നല്കി താങ്ങായി മാറുകയാണ് നിള വിനോദ് എന്ന ആറുവയസ്സുകാരി.
പനച്ചിപ്പാറ പെരുംചേരിയില്‍ വിനോദിന്റെയും ധന്യയുടെയും രണ്ടു മക്കളില്‍ ഇളയകുട്ടിയായ നിള തനിക്കു വിഷുക്കൈനീട്ടം ലഭിച്ച 1001 രൂപ വാക്സീന് ചാലഞ്ചിലേക്കു നല്കുവാനുള്ള ആഗ്രഹം മുത്തച്ഛന് വേണുഗോപാലിനെ അറിയിക്കുകയായിരുന്നു.
നിളയുടെ ആഗ്രഹം അറിഞ്ഞ മാതാപിതാക്കളും പൂര്‍ണ പിന്തുണ നല്‍കിയതോടെ മുത്തച്ഛന് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് കൈനീട്ടം ലഭിച്ച മുഴുവന്‍ തുകയും വീട്ടിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിളിനു നിള കൈമാറി.
സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന്റെ സന്തോഷത്തിലാണു പൂഞ്ഞാര്‍ ഗവ. എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിള.
സിപിഎം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കല്‍ സെക്രട്ടറി പികെ ഷിബുകുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗം കെപി മധുകുമാര്‍, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സാം മാത്യു, പ്രസിഡന്റ് അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.