ഉഴവൂര്‍: ഇതുവഴി പോകുന്നവര്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകാം, സൗജന്യമായി മാസ്ക് എടുക്കാം, കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നാടിന് മാതൃകയായി ഉഴവൂര്‍-ഇടക്കോലി റോഡില്‍ കൈപ്പാറേട്ട് കെയു ഏബ്രഹാം.
‘സ്നേഹമുള്ളവരെ, നിങ്ങള്‍ ഈ വഴി കടന്നു പോകുമ്പോള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോപ്പ്, അണുനാശിനി എന്നിവ ഉപയോഗിച്ചു കൈകള്‍ കഴുകി പോകാന്‍ ശ്രദ്ധിക്കുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക. കൊറോണ എന്ന മഹാവിപത്തില്‍ നിന്നും സ്വയം രക്ഷപ്പെടുക. നമ്മുടെ നാടിനെ രക്ഷപ്പെടുത്തുക’
ഏബ്രഹാമിന്റെ വീടിനു മുന്നില്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകളാണിത്.
എന്നാല്‍ ഇപ്പോള്‍ കൊവിഡ് രണ്ടാംഘട്ട വ്യാപനം രാജ്യത്ത് രൂക്ഷമായപ്പോള്‍ കൈ കഴുകുന്നതിനുള്ള സംവിധാനത്തിന് ഒപ്പം എല്ലാവര്ക്കും മാസ്ക്കുകള്‍ സൗജന്യമായി നല്‍കുകയാണ് ഇദ്ദേഹം.
അനുവാദം വേണ്ട. മാസ്ക് എടുക്കാം, ഉപയോഗിക്കാം
എന്നെഴുതിയ പുതിയ ബോര്‍ഡും ഉണ്ട്.
പൊടിയും അഴുക്കും പുരളാതെ പാക്ക് ചെയ്ത 10 മാസ്ക്കുകള്‍ എപ്പോഴും ഏബ്രഹാമിന്റെ വീടിനു മുന്നില്‍ ഉണ്ടാകും. ക്ലിപ് ഉപയോഗിച്ചു ഓരോന്നായി തൂക്കിയിട്ടിരിക്കുകയാണ്. 10 എണ്ണം തീര്‍ന്നാല്‍ അടുത്ത 10 എണ്ണം എത്തും.
സൗജന്യമാണെങ്കിലും ഒന്നില്‍ കൂടുതല്‍ മാസ്ക് ആരും എടുക്കാറില്ലെന്നും നാടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ചെറിയ സേവനമാണിതെന്നും ഏബ്രഹാം പറയുന്നു. റെയില്‍വേ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ഏബ്രഹാമും ഭാര്യ റിട്ട. അധ്യാപിക കത്രീനയുമാണ് വീട്ടിലുള്ളത്.