ഏറ്റുമാനൂര്‍: കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിനിയെ എസ്എസ്എല്‍സി പരീക്ഷയ്ക്കായി സ്വന്തം ഓട്ടോയിലെത്തിച്ചു ഓട്ടൊഡ്രൈവര്‍ ബിനീഷിന്റെ നല്ല മനസ്സിനു മുന്പില് വീണ്ടും കൊവിഡ് തോറ്റു.
കൊവിഡ് ബാധിച്ച കട്ടച്ചിറ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെയാണ് ഓട്ടോഡ്രൈവര്‍ എന്‍വി ബിനീഷ് പരീക്ഷയ്ക്കായി എത്തിച്ചു നാടിന് മാതൃകയായത്. വിദ്യാര്‍ത്ഥിനിയും കുടുംബത്തിലെ 5 പേരും കഴിഞ്ഞ 12നാണു കൊവിഡ് പോസിറ്റീവായത്.
അവശേഷിക്കുന്ന പരീക്ഷകള്‍ക്കായി കുട്ടിയെ കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളില്‍ എത്തിക്കാന്‍ മാതാപിതാക്കള്‍ പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. തുടര്‍ന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ 8-ാം വാര്‍ഡിലെ ആശാ വര്‍ക്കര്‍ ബിന്‍സി മാത്യുവില്‍ നിന്നു വിവരമറിഞ്ഞ ബിനീഷ് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. പരീക്ഷയ്ക്കു ശേഷം കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്യുന്നു.
കൊവിഡ് പോസിറ്റീവായവരെ പരിശോധനയ്ക്കു സൗജന്യമായി എത്തിച്ചു ബിനീഷ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറ്റുമാനൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറാണ് ഇദ്ദേഹം. ഭാര്യ സുനിത നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷയാണ്.
ക്വാറന്റീനിലുള്ള മാടപ്പാട് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഇന്നു മുതല്‍ കാണക്കാരി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കാനും ബിനീഷ് ഓട്ടോയെടുക്കും.