വൈക്കം: പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ യുവതി രണ്ടു വര്‍ഷത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ യുവതിക്കാണ് വീട്ടുകരില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.
യുവതി എംകോം വരെ പഠിച്ചതാണ്. വൈക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിനൊപ്പം പോയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിരുന്നില്ല. പലവട്ടം സര്‍ട്ടിഫിക്കറ്റ് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വീട്ടില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം യുവതി അമ്മയോട് വീണ്ടും അനുവാദം ചോദിച്ചു. അമ്മ സമ്മതിച്ചതായി യുവതി പറയുന്നു. ഇതനുസരിച്ച് യുവതിയും യുവാവും സുഹൃത്തും വീട്ടിലെത്തി. ഈ സമയം അച്ഛനും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ തന്നെയും ഭര്‍ത്താവിനെയും ആറു മാസം പ്രായമായ കുട്ടിയെയും മര്‍ദിച്ചതായാണ് പരാതി. മാല പൊട്ടിച്ചെടുത്തതായും യുവതി വൈക്കം പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ മകളും ഭര്‍ത്താവും ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം വീട്ടില്‍ക്കയറി വഴക്കുണ്ടാക്കുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും കാണിച്ച് യുവതിയുടെ പിതാവും പരാതി നല്‍കിയിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതി ലഭിച്ചതായും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണെന്നും വൈക്കം എസ്ഐ ആര് രാജേഷ് പറഞ്ഞു.