കോട്ടയം: ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയ യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി. കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം. നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി ക്യൂവില്‍ നില്‍ക്കുമ്പോഴാണ് പഴയ കാമുകനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു.
പിണ്ണക്കനാട് സ്വദേശിനിയായ യുവതിയെ കാഞ്ഞിരപ്പള്ളിയിലാണ് വിവാഹം കഴിപ്പിച്ച് അയച്ചത്. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
തുടര്‍ന്ന് തിടനാട് പോലീസില്‍ ഭര്‍ത്താവ് പരാതി നല്കി. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മൂന്നാം ദിവസം ഒളിത്താവളത്തില്‍ നിന്നും ഇരുവരെയും പിടികൂടി.
സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പറഞ്ഞയക്കണമെന്ന് സിഐയോട് അപേക്ഷിച്ചു. പക്ഷേ, പോലീസിന് ഇത് സ്വീകാര്യമായിരുന്നില്ല. ഭാര്യയെ കണ്ടെത്തിയ വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കാന്‍ പോലും യുവതി തയ്യാറായില്ല.
തുടര്‍ന്ന് ഇരുവരെയും പോലീസ് കോടതിയില്‍ ഹാജരാക്കി. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ താത്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നും യുവതി പറഞ്ഞതോടെ കോടതി അത് അനുവദിക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ നവംബറില്‍ തൃശൂര്‍ ദേശമംഗലത്ത് ഭര്‍ത്താവിനൊപ്പം വിവാഹം കഴിഞ്ഞുപോയ വധുവിനെ കാമുകന് എത്തി തട്ടിക്കൊണ്ടുപോയ സംഭവം അരങ്ങേറിയിരുന്നു. വരന്റെ വീട്ടിലേക്ക് വിവാഹശേഷം കാറില്‍ പോകുമ്പോഴാണ് കാമുകന് എത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വരനും വധുവും സഞ്ചരിച്ച കാര്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു.
ഭാര്യ കാമുകനൊപ്പം പോയതായി യുവാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് ചെറുതുരുത്തി പോലീസ് ഇടപെട്ടത്. യുവാവ് കെട്ടിയ താലി ഊരി കൊടുത്ത ശേഷമാണ് യുവതി കാമുകനൊപ്പം പോയത്.
വീട്ടുകാരുടെ ഇഷ്ടപ്രകാരം നടത്തിയ വിവാഹമായിരുന്നു ഇത്. പോലീസ് മുന്‍കൈയ്യെടുത്ത് ബന്ധുക്കളുമായി ചര്‍ച്ച നടത്തി ആഭരണങ്ങള്‍ വാങ്ങിവെച്ച ശേഷം യുവതിയെ കാമുകനോടും ബന്ധുക്കളോടുമൊപ്പം വിട്ടു. വധുവിന്റെ പിതാവ് വിവാഹം നടത്തിയ ചെലവിലേക്ക് രണ്ടര ലക്ഷം രൂപ വരന്റെ കുടുംബത്തിന് നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസ് പിന്‍വലിച്ചു.